തനിക്കെതിരായ പീഡനക്കേസിന് പിന്നില്‍ സിപിഐഎം ഗൂഢാലോചനയെന്ന് എം വിന്‍സെന്റ് എംഎല്‍എ

എം.വിന്‍സെന്റ്
തിരുവനന്തപുരം: പീഡനക്കേസില്‍ തന്നെ കുടുക്കിയാതാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആവര്‍ത്തിച്ച് കേസില്‍ അറസ്റ്റിലായ എം വിന്‍സെന്റ് എംഎല്‍എ. ഗൂഢാലോചനയ്ക്ക് പിന്നില്‍ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണെന്നും അദ്ദേഹം ആരോപിച്ചു. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു മാധ്യമങ്ങളോട് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
പൊലീസിന്റെ സ്വാഭാവിക നടപടിക്രമങ്ങളെ അംഗീകരിച്ച് മുന്നോട്ട് പോകാനാണ് തന്റെ ഉദ്ദേശമെന്ന് വിന്‍സെന്റ് പറഞ്ഞു. “പിന്‍വാതിലിലൂടെ പോകാമെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ എനിക്കതിന്റെ ആവശ്യമില്ല. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. അതിനാല്‍ മുന്‍വാതിലില്‍ക്കൂടി തന്നെ പോകാമെന്നാണ് ഞാന്‍ പറഞ്ഞത്”.

ഒരു നോട്ടീസ് പോലും നല്‍കാതെയാണ് ചോദ്യം ചെയ്യലിന് ശേഷം തന്നെ അറസ്റ്റ് ചെയ്തതെന്ന് എംഎല്‍എ പറഞ്ഞു. എന്നാല്‍ പൊലീസിനോട് പൂര്‍ണമായും സഹകരിക്കുന്നുണ്ട്.
തനിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് സ്റ്റേഷനില്‍ സിപിഐഎം തിരുവനന്തപുരം ദില്ലാ സെക്രട്ടറി എന്തിന് പോയെന്ന് അന്വേഷിക്കണം. പരാതിക്കാരി ചികിത്സയില്‍ കഴിയുന്ന നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ അര്‍ദ്ധരാത്രിയില്‍ അദ്ദേഹം പോയതിനെക്കുറിച്ചും അന്വേഷണം വേണം. ഇവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്സംബന്ധിച്ച വിവരങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണം. എം വിന്‍സെന്റ് ആവശ്യപ്പെട്ടു.
പീഡിപ്പിച്ചുവെന്ന് കാട്ടി അയല്‍ക്കാരിയായ വീട്ടമ്മ നല്കിയ പരാതിയിലാണ് വിന്‍സെന്റ് എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക