വീട്ടമ്മയെ പീഡിപ്പിച്ച കേസ്: എം വിന്‍സെന്റ് എംഎല്‍എയുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

എം വിന്‍സെന്റ്

തിരുവനന്തപുരം:  പീഡനകേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന എം വിന്‍സെന്റ് എംഎല്‍എയുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും.  ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി നാലുദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഈ അപേക്ഷയാണ് നെയ്യാറ്റിന്‍കര കോടതി നാളെ പരിഗണിക്കാന്‍ മാറ്റിയത്. ജാമ്യാപേക്ഷയും, കസ്റ്റഡി കാലാവധിയടക്കമുള്ള അപേക്ഷകള്‍ നാളെ പരിഗണിക്കും. നാളെ എം വിന്‍സെന്റ് എംഎല്‍എയെ നേരിട്ട് കോടതിയില്‍ ഹാജരാക്കാനും അതിന് ശേഷം കസ്റ്റഡി അപേക്ഷ പരിഗണിക്കുമെന്നും കോടതി നിര്‍ദേശം നല്‍കി. ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള കുറ്റകൃത്യമായതിനാല്‍ ജാമ്യാപേക്ഷയെ ആദ്യം തന്നെ പ്രോസികൃൂഷന്‍ എതിര്‍ത്തിരുന്നു.

അയല്‍വാസിയായ വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഈ മാസം 22 നാണ് വിന്‍സെന്റ് എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. തുടര്‍ന്ന് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ റിമാന്‍ഡ് ചെയ്ത് നെയ്യാറ്റിന്‍കര സബ്ജയിലിലേക്ക് അയക്കുകയായിരുന്നു.

എംഎല്‍എ തന്നെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്‌തെന്നാണ് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം വീട്ടമ്മയുടെ സഹോദരി അവര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. പരാതിക്കാരി മാനസിക രോഗത്തിന് ചികിത്സയിലാണെന്നും ആരോപണം കെട്ടിച്ചമച്ചതാണെന്നുമായിരുന്നു സഹോദരിയുടെ പ്രതികരണം. നേരത്തെയും രണ്ട് പേര്‍ക്കെതിരെ ഇവര്‍ സമാനമായ പരാതി നല്‍കിയിരുന്നെന്നും ഇവര്‍ പറഞ്ഞിരുന്നു. അതേസമയം സഹോദരിയെയും പൊലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. സഹോദരി തന്നെ ഭീഷണിപ്പെടുത്തുന്നെന്ന് കാട്ടി വീട്ടമ്മ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. വിന്‍സെന്റിനെതിരെ പരാതി നല്‍കരുതെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നതെന്നും മൊഴിയില്‍ പറയുന്നുണ്ട്.

പീഡനക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് വിന്‍സെന്റ് എംഎല്‍എയെ കോണ്‍ഗ്രസ് പാര്‍ട്ടി പദവികളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ കുറ്റവിമുക്തനാകും വരെ കെപിസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് വിന്‍സെന്റ് മാറി നില്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. വിന്‍സെന്റ് എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top