എം വിന്‍സെന്റിനെ ചോദ്യം ചെയ്യുന്നു: എംഎല്‍എയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍; യുവതിയെ വിളിച്ചത് 900 തവണ

എം വിന്‍സെന്റ്

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എം വിന്‍സെന്റ് എംഎല്‍എയെ പൊലീസ് ചോദ്യം ചെയ്യുന്നു. പാറശാല എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് എംഎല്‍എയെ ചോദ്യം ചെയ്യുന്നത്. എംഎല്‍എയ്‌ക്കെതിരെ പൊലീസിന്‌ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചു. ഫോണ്‍ വിളികളും വൈദ്യപരിശോധനാ റിപ്പോര്‍ട്ടും എംഎല്‍എയ്ക്ക് എതിരാണെന്നാണ് പൊലീസ് പറയുന്നത്.

എംഎല്‍എ യുവതിയെ നിരവധി തവണ ഫോണ്‍ വിളിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 900 തവണയാണ് എംഎല്‍എ സ്വന്തം ഫോണില്‍ നിന്നും യുവതിയെ വിളിച്ചിരിക്കുന്നത്.

എംഎല്‍എ വീട്ടില്‍ കയറി തന്നെ ബലാത്സംഗം ചെയ്‌തെന്നാണ യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. വീട്ടില്‍ കയറി രണ്ടുതവണ പീഡിപ്പിച്ചു. തുടര്‍ന്ന് കടയില്‍ വന്ന് തന്നെ കയറിപ്പിടിച്ചുവെന്നും പരാതിയില്‍ പറയുന്നു.

എംഎല്‍എയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥയായ അജിതാ ബീഗം സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. എംഎല്‍എയെ അറസ്റ്റ് ചെയ്യേണ്ടി വന്നേക്കുമെന്ന് കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ മൊഴി രേഖപ്പെടുത്താന്‍ സ്പീക്കറുടെ ഓഫീസിന്റെ അനുമതി ആവശ്യമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പൊലീസ് തീരുമാനിച്ചത്.

എംഎല്‍എയുടെ നിരന്തരമായ പീഡനം സഹിക്കാനാകാതെ ആത്മഹത്യക്ക് ശ്രമിച്ച യുവതി നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതിയെ കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. യുവതിയുടെ വസ്ത്രങ്ങളും മറ്റും പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവ്, സഹോദരന്‍, മറ്റ് സാക്ഷികള്‍ എന്നിവരില്‍ നിന്ന് വീണ്ടും മൊഴിയെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം എംഎല്‍എ യുവതിയുടെ സഹോദരനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. ഇതിന് ശേഷം യുവതി തന്റെ സഹോദരനുമായി നടത്തിയ ഫോണ്‍ സംഭാഷണവും പുറത്ത് വന്നിരുന്നു. ഇതില്‍ എംഎല്‍എ തന്നെ വീട്ടില്‍ കയറി ചതിച്ചെന്ന് യുവതി വ്യക്തമാക്കുന്നുണ്ട്. എംഎല്‍എ തന്നെ വഞ്ചിക്കുകയായിരുന്നെന്നും പറയുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top