മെഡിക്കല്‍ കോളേജ് കോഴ : കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ബിജെപി നേതൃത്വത്തെ തിരിഞ്ഞുകൊത്തുന്നു

തിരുവനന്തപുരം : ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് അഴിമതി വിവാദത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം വിയര്‍ക്കുന്നതിനിടെ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റും തിരിഞ്ഞുകൊത്തുന്നു. കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റാണ് നിലവിലെ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയ്ക്ക് നേരെ തിരിഞ്ഞിരിക്കുന്നത്.

കേരളത്തിലെ മെഡിക്കല്‍ ഫീസുമായി ബന്ധപ്പെട്ട് ഈ മാസം 17 ന് ഇട്ട ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശമാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.

എന്‍ ആര്‍. ഐ സ്റ്റാറ്റസ് തരപ്പെടുത്തിക്കൊടിക്കുന്ന ഒരു വലിയ സംഘം ഇവിടെ വിലസുന്നു എന്നുള്ള കാര്യം ആര്‍ക്കാണറിയാത്തത്? ഇനി ഈ അടുത്ത കാലത്ത് അംഗീകാരം കിട്ടിയ പല മെഡിക്കല്‍ കോളേജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. ഈ കച്ചവടം അവസാനിപ്പിക്കാനും ഇതിനെതിരെ പ്രതികരിക്കാനും എന്തുകൊണ്ട് മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും രംഗത്തു വരുന്നില്ല?സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ കൊള്ളക്ക് അറുതി വരുത്താന്‍ വലിയ പോരാട്ടം തന്നെ വേണ്ടി വരും. എന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ :

കേരളത്തില്‍ മെഡിക്കല്‍ ഫീസ് ഇരുപത്തി അഞ്ചു ലക്ഷം രൂപ. ബഹുമാനപ്പെട്ട ഹൈക്കോടതി ഈ ഫീസ് തുടരാന്‍ അനുവദിച്ചത് എന്തോ വലിയ കാര്യമായിട്ടാണ് ആരോഗ്യമന്ത്രി വിലയിരുത്തിയത്. ഇതു വലിയൊരു തട്ടിപ്പാണ്. മാനേജ്‌മെന്റുകളും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളി വ്യക്തം. ഈ ഫീസില്‍ കേരളത്തിലെ ഒരു പാവപ്പെട്ട വിദ്യാര്‍ത്ഥി എങ്ങനെ പഠിക്കും? മോദി സര്‍ക്കാര്‍ എടുത്ത വിപ്‌ളവകരമായ ഒരു തീരുമാനം മെഡിക്കല്‍ പ്രവേശനം ഒരു പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ രാജ്യം മുഴുവന്‍ നടത്തണമെന്നും മുഴുവന്‍ പ്രവേശനവും അതിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും എല്ലാവര്‍ക്കും ഒരേ ഫീസ് ആയിരിക്കണമെന്നുമുള്ള തീരുമാനം എത്ര സമര്‍ത്ഥമായാണ് കേരളത്തില്‍ അട്ടിമറിക്കപ്പെട്ടത്? ഇവിടെ എന്‍. ആര്‍. ഐ സീററ് തീരുമാനിക്കാനുള്ള അവകാശം മാനേജ്‌മെന്റുകള്‍ക്ക് എങ്ങനെ കിട്ടി? എന്‍ ആര്‍. ഐ സ്ടാററസ് തരപ്പെടുത്തിക്കൊടിക്കുന്ന ഒരു വലിയ സംഘം ഇവിടെ വിലസുന്നു എന്നുള്ള കാര്യം ആര്‍ക്കാണറിയാത്തത്? ഇനി ഈ അടുത്ത കാലത്ത് അംഗീകാരം കിട്ടിയ പല മെഡിക്കല്‍ കോളേജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. ഈ കച്ചവടം അവസാനിപ്പിക്കാനും ഇതിനെതിരെ പ്രതികരിക്കാനും എന്തുകൊണ്ട് മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും രംഗത്തു വരുന്നില്ല?സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ കൊള്ളക്ക് അറുതി വരുത്താന്‍ വലിയ പോരാട്ടം തന്നെ വേണ്ടി വരും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top