വീണയാളെ വീണ്ടും ചവിട്ടിയത് ‘ഐ സപ്പോര്‍ട്ട് ദിലീപ്’ ക്യാമ്പയിന്‍ നടത്തിയ കൂട്ടര്‍ തന്നെ; ജാമ്യ നിഷേധം ഒരു താക്കീതെന്ന് കോടതി; സമാന മനസ്‌കര്‍ക്കുള്ള മുന്നറിയിപ്പ്

ദിലീപ്

വീണയാളെ വീണ്ടും ചവിട്ടരുത് എന്നത് ദിലീപ് ആരാധക വൃത്തങ്ങളില്‍നിന്ന് വന്ന ഒരു പ്രയോഗമായിരുന്നു. കേസില്‍ രണ്ടാം പ്രതിയാകുന്ന ദിലീപിനെ മാധ്യമങ്ങള്‍ കുറ്റം പറയരുത് എന്നായിരുന്നു ആ പ്രചരണത്തിന്റെ അന്തസത്ത. ദിലീപിനുവേണ്ടിയുള്ള പിആര്‍ വര്‍ക്കുകളും ‘ഐ സപ്പോര്‍ട്ട്’ ക്യാമ്പയിനുകളും പ്രതികള്‍ക്കായി പലരും മുന്നോട്ടുവച്ചു. എന്നാല്‍ ഇതെല്ലാം ദിലീപിന് തന്നെ വിനയായെന്നാണ് കോടതിയുടെ ഭാഗത്തുനിന്നുള്ള പരാമര്‍ശം സൂചിപ്പിക്കുന്നത്.

പ്രോസിക്യൂഷന്റെ വാദങ്ങളെ കോടതി അംഗീകരിച്ചു. വളരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രതിയുടെ പേരില്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. ഇത്തരം കുറ്റകൃത്യങ്ങള്‍ നിസാരമായി കാണുന്നില്ലെന്ന് കുറ്റവാളികള്‍ മനസിലാക്കണം. ജാമ്യം നല്‍കിയാല്‍ പ്രതി തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അന്വേഷണം നടക്കുമ്പോള്‍ പ്രതി കസ്റ്റഡിയില്‍ ഉണ്ടാകേണ്ടത് ആവശ്യമാണ്.

കേസ് ഡയറി വായിച്ച് ബോധ്യപ്പെടുകയും വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ കേള്‍ക്കുകയും ചെയ്തിട്ടാണ് കോടതി ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ രാംകുമാറും പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശനുമാണ് കോടതിയില്‍ ഹാജരായത്.

ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിക്കൊണ്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ വിശദാംശങ്ങള്‍ രാവിലെ പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെ ദിലീപിനുവേണ്ടിയുള്ള പിആര്‍ വര്‍ക്കുകള്‍ ഇനിയും തുടര്‍ന്നാല്‍ അത് ദിലീപിന് തന്നെ വിനയാകുമെന്നുതന്നെ മനസിലാക്കേണ്ടിവരും. പ്രതിക്കായി വാദിക്കുന്നതിന് ചിലരെ മനസാക്ഷി അനുവദിച്ചാലും കോടതി നേരിനൊപ്പം നില്‍ക്കുന്നത് പ്രതീക്ഷതന്നെയാണ് പകരുന്നതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top