ഡി സിനിമാസിന്റെ പ്രവര്‍ത്തനാനുമതിയില്‍ ക്രമക്കേടെന്ന് ആരോപണം: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

തൃശൂര്‍: ഡി സിനിമാസിന്റെ പ്രവര്‍ത്തനാനുമതിയില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് നഗരസഭ ശുപാര്‍ശ ചെയ്തു. 2014ല്‍ യുഡിഎഫ് ഭരണസമിതിയാണ് സിനിമ തിയ്യറ്ററിന് പ്രവര്‍ത്തനാനുമതി നല്‍കിയത്.  ഈ കാലയളവില്‍ ടൗണ്‍ഹാള്‍ നിര്‍മാണത്തിന് 5 ലക്ഷം രൂപ ദിലീപ് സംഭാവന നല്‍കിയതതായും അതോടൊപ്പം തന്നെ യുഡിഎഫ് ഭരണസമിതി അംഗങ്ങള്‍ക്ക് 20 ലക്ഷത്തോളം രൂപ കൈക്കൂലിയായി നല്‍കിയെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ ആരോപിക്കുന്നു. ഇന്ന് ചേര്‍ന്ന് കൗണ്‍സില്‍ യോഗമാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ചാലക്കുടി പുഴയ്ക്ക് സമീപമാണ് ഡി സിനിമാസ് പ്രവര്‍ത്തിക്കുന്നത്.

ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കയ്യേറിയതാണെന്ന പരാതി അന്വേഷിക്കാന്‍ റവന്യൂമന്ത്രിയും ഉത്തരവിട്ടിരുന്നു. ചാലക്കുടിയില്‍ ഒന്നര ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയെന്നാണ് പരാതി. ഭൂമി കൈയ്യേറിയത് വ്യാജരേഖ ചമച്ചാണെന്നും, ഭൂമിയുടെ പോക്കുവരവിന് റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ചുവെന്നുമാണ് പരാതിയിലുള്ളത്.

ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ആലുവ പൊലീസ് ക്ലബ്ബിലെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തില്‍ നിന്നും വിവരങ്ങളും അനുബന്ധ രേഖകളും ശേഖരിച്ചിരുന്നു.

എഫ്‌ഐആര്‍ രേഖകളും, ദിലീപിന്റെ ഭൂമി ഇടപാടുകളും സംബന്ധിച്ച രേഖകളാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ശേഖരിച്ചത്. ദിലീപ് നിര്‍മ്മിച്ച സിനിമകള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, സിനിമാ തിയേറ്ററുകള്‍, മറ്റ് ബിസിനസ്സ് ബന്ധങ്ങള്‍, ഇവയുടെ സാമ്പത്തിക സ്രോതസ്സ്, തുടങ്ങിയവയെക്കുറിച്ചൊക്കെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്.

ദിലീപിന് 38 ഓളം ഭൂമി ഇടപാടുകള്‍ ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിയുമൊത്തും ദിലീപിന് ഭൂമി ഇടപാടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ദിലീപുമൊത്ത് തനിക്ക് ഭൂമി സാമ്പത്തിക ഇടപാടുകളില്ലെന്ന് വ്യക്തമാക്കി നടി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

അന്തരിച്ച നടന്‍ കലാഭവന്‍ മണിയോടൊപ്പവും ദിലീപിന് ഭൂമി ഇടപാടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മണിയുമൊത്തുള്ള ഭൂമി ഇടപാടുകള്‍ അന്വേഷിക്കണമെന്ന് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.

ദുബായില്‍ നിന്നുള്ള പണമിടപാടുകളിലും ദിലീപിന് ബന്ധമുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകള്‍ അടക്കം മരവിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top