സ്പീക്കര്‍ തടസവാദം ഉന്നയിച്ചു; പിടി തോമസ് എംഎല്‍എയുടെ മൊഴി എടുക്കുന്നത് മാറ്റിവെച്ചു

പി ടി തോമസ് (ഫയല്‍ ചിത്രം)

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ തൃക്കാക്കര എംഎല്‍എ പിടി തോമസിന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. എംഎല്‍എ ഹോസ്റ്റലില്‍ കയറി മൊഴിയെടുക്കുന്നതിന് സ്പീക്കറുടെ ഓഫീസ് അനുവാദം നിഷേധിച്ചു. ഇതിനെ തുടര്‍ന്ന് പിടി തോമസിന്റെ മൊഴിയെടുക്കുന്നത് മാറ്റിവെച്ചു.

എംഎല്‍എ ഹോസ്റ്റലില്‍ കയറി മൊഴിയെടുക്കുന്നതിന് തടസങ്ങള്‍ ഉണ്ടെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസം 21 ന് മൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. നേരത്തെ എംഎല്‍എ ഹോസ്റ്റലില്‍ കയറി മുകേഷിന്റെ മൊഴി എടുത്തിരുന്നു. ഇതില്‍ സ്പീക്കര്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഡിജിപിയെയാണ് സ്പീക്കര്‍ അതൃപ്തി അറിയിച്ചിരിക്കുന്നത്. സ്പീക്കറുടെ ഓഫീസിന്റെ അനുമതി ഇല്ലാതെയാണ് എംഎല്‍എ ഹോസ്റ്റലില്‍ കയറി മുകേഷിന്റെ മൊഴിയെടുത്തത്.

നേരത്തെ എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, എം മുകേഷ് എന്നിവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. പിടി തോമസ്, അന്‍വര്‍ സാദത്ത് എന്നിവരുടെ മൊഴി രേഖപ്പെടുത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ അപ്രതീക്ഷിത നീക്കത്തിലൂടെ കൊല്ലം എംഎല്‍എയും നടനുമായ മുകേഷിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ സജീവമായി ഇടപെടുന്ന ആളാണ് പിടി തോമസ് എംഎല്‍എ. അക്രമം നടന്ന രാത്രി നടി സംവിധാകന്‍ ലാലിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ ആദ്യം എത്തിയ വ്യക്തികളില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു. സംഭവത്തില്‍ ആദ്യ അറസ്റ്റിന് വഴിവെച്ചതും പിടി തോമസാണ്. സംഭവത്തെ കുറിച്ച് റേഞ്ച് ഐജി പി വിജയന് വിവരം നല്‍കിയതും നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ സഹായിച്ചതും പിടി തോമസ് ആയിരുന്നു. സ്ഥലത്ത് ആദ്യമെത്തിയ ആളായിട്ടും തന്റെ മൊഴി എടുക്കാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം അടുത്തിടെ പരാതി ഉന്നയിച്ചിരുന്നു.

എംഎല്‍എ ഹോസ്റ്റലില്‍ എത്തിയാണ് മുകേഷിന്റെ മൊഴിയെടുത്തത്. മൊഴിയെടുക്കല്‍ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് അന്വേഷണസംഘം മുകേഷിന്റെ മൊഴിയെടുത്തത്. തന്റെ ഡ്രൈവര്‍ ആയിരിക്കെ പള്‍സര്‍ സുനിയുമായി നല്ല ബന്ധമായിരുന്നെന്ന് മുകേഷ് മൊഴി നല്‍കിയിട്ടുണ്ട്. സുനി മുകേഷിന്റെ മുന്‍ ഡ്രൈവര്‍ ആയിരുന്നു. ഈ സാഹചര്യത്തില്‍ സുനിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും മുകേഷില്‍ നിന്ന് ചോദിച്ചറിഞ്ഞത്.

രാവിലെ ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. നടന്‍ ദിലീപുമായുള്ള ബന്ധത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും ചോദിച്ചതായി അന്‍വര്‍ സാദത്ത് മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിനൊപ്പമുള്ള വിദേശസന്ദര്‍ശനങ്ങളുടെ വിവരങ്ങളും ശേഖരിച്ചു.

ദിലീപിന്റെ അടുത്ത സുഹൃത്താണ് അന്‍വര്‍ സാദത്ത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ മൊഴി എടുത്തത്. നടി ആക്രമിക്കപ്പെട്ട ദിവസം അന്‍വര്‍ സാദത്ത് ദിലീപുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇക്കാര്യങ്ങളെ സംബന്ധിച്ചെല്ലാം അന്വേഷണസംഘം ചോദ്യം ചെയ്തുവെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. ഒരു സ്‌കൂളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ദിലീപിനെ വിളിച്ചതെന്നും തൊട്ട് മുന്‍പുള്ള ദിവസങ്ങളില്‍ ബന്ധപ്പെട്ടെങ്കിലും ലഭിക്കാഞ്ഞതിനാല്‍ സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം വിളിച്ച് സംസാരിച്ചിരുന്നതായും കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ സാദത്ത് പറഞ്ഞിരുന്നു. ഏതന്വേഷണത്തിനും താന്‍ തയ്യാറാണെന്നും സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top