മാട്ടിറച്ചി കൈവശം വച്ചതിന് മര്‍ദ്ദനം നേരിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു; നടപടി പശുസംരക്ഷകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വന്ന്‌ മണിക്കൂറുകള്‍കകം

നരേന്ദ്ര മോദി, സലീം ഇസ്‌മൈല്‍

നാഗ്പൂര്‍: പശുസംരക്ഷകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ നാഗ്പൂരില്‍ ബീഫ് കൈവശം വെച്ചതിന് മര്‍ദ്ദനം നേരിട്ട സലീം ഇസ്മൈല്‍ ഷായെ പൊലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാരിന്റെ പുതിയ നയപ്രകാരം ബീഫ് കൈവശം വെക്കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് അറസറ്റ്. സലീമിന്റെ കൈവശമുണ്ടായിരുന്നത് ബീഫ് തന്നെയാണെന്ന് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു.

ജൂലൈ 12നാണ് ഗോമാംസം കൈവശം വെച്ചവെന്നാരോപിച്ച് സലീമിനെ ഒരു കൂട്ടം പശുസംരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. നാഗ്പൂര്‍ ബിജെപി കാടോള്‍ താലുക്ക് ന്യൂനപക്ഷ വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറിയാണ് സലീം ഷാ. സലീമിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന സലീമിനെ ബര്‍സംഗി ഗ്രാമത്തിന് സമീപം വണ്ടി തടഞ്ഞ് നിര്‍ത്തി തല്ലിചതക്കുകയായിരുന്നു. ജീവന്‍ രക്ഷിക്കാനായി കൈവശമുള്ളത് ഗോമാംസമല്ലെന്ന് സലീം ഷാ പറഞ്ഞെങ്കിലും മര്‍ദ്ദനം തുടര്‍ന്നു. സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ പ്രഹാര്‍ സംഘടന്‍ എന്ന സംഘടനയിലെ പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നു.

ഇന്നലെ നടന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പശുവിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പശുവിന്റെ പേരില്‍ നിയമം കൈയിലെടുക്കുന്നവര്‍ക്ക് എതിരെ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നടപടിയെടുക്കാം. പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍ക്ക് രാഷ്ട്രീയത്തിന്റെയോ, മതത്തിന്‍രെയോ മാനങ്ങള്‍ നല്‍കരുതെന്നും മോദി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രാജ്യ താത്പര്യത്തിന് ഉതകുന്ന യാതൊന്നുമില്ല.ഗോ സംരക്ഷണം വര്‍ഗ്ഗീയ വത്കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും, അത് അനുവദിക്കില്ലെന്നും പ്രധാനമന്ത്രി ഇന്നലെ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍  പറഞ്ഞിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top