മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍: ടി പി സെന്‍കുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചു

ടിപി സെന്‍കുമാര്‍ ( ഫയല്‍ ചിത്രം )

കൊച്ചി: മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിന് ഇടക്കാലജാമ്യം. ഉപാധികളോടെ ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്.കേസില്‍  സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ചും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം തേടി സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് കേസിന് കാരണമെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. അഭിമുഖം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും വാരികയ്‌ക്കെതിരെ നിയമനടപടി ആലോചിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

ഐപിസി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് സെന്‍കുമാറിനെതിരെ കേസ് എടുത്തിരിക്കുന്നത്. വിവാദമായ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്‌ക്കെതിരെയും ഇതേ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടര്‍ന്നാണ് സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനകളാണ് സെന്‍കുമാര്‍ നടത്തിയതെന്നും കേസെടുക്കാവുന്ന കുറ്റങ്ങളാണ് സെന്‍കുമാറിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നതെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

പൊലീസ് മേധാവി സ്ഥാനത്തുനിന്ന് വിരമിച്ചതിന്റെ തൊട്ടടുത്ത ദിവസാണ് വിവദമായ അഭിമുഖം സെന്‍കുമാര്‍ സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയത്. ഇതിനെതിര വിവിധ സംഘടനകള്‍ സെന്‍കുമാറിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന് പരാതികള്‍ ക്രൈംബ്രാഞ്ചിന് നല്‍കി നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top