ദിലീപിനെതിരെ തെളിവില്ല, അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോകുന്നത് ഒരു ക്രിമിനലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍: ജാമ്യഹര്‍ജിയിലെ വിശദാംശങ്ങള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ രാംകുമാര്‍ വഴിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ഒരു തെളിവ് പോലുമില്ലെന്ന് ജാമ്യഹര്‍ജിയില്‍ പരാമര്‍ശം. ദിലീപിനെതിരെ പൊലീസ് നിരത്തിയ പത്തൊന്‍പതില്‍ എട്ടുതെളിവുകളും ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയ്ക്കും മറ്റ് ജീവനക്കാര്‍ക്കെതിരെയുമാണ്. ഒരു തെളിവുകളും ദിലീപിനെതിരെ തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് ആയില്ല എന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.

പിടിച്ചുപറി ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ വാക്കുകള്‍ കേട്ട് മാത്രമാണ് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതില്‍ ദിലീപിനെതിരെ ഒരു തെളിവും ലഭിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് യാതൊരു തെളിവും ശേഖരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാത്തതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയുടെ ആവശ്യമില്ല. മാത്രമല്ല മുഖ്യമന്ത്രി നേരത്തെ തന്നെ ഇതില്‍ ഗൂഢാലോചനയില്ല എന്നത് വ്യക്തമാക്കിയതുമാണ്. ജാമ്യഹര്‍ജിയില്‍ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു ക്രിമിനലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കേസുമായി മുന്നോട്ട് പോകുന്നത്. മാത്രമല്ല താന്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നതും ആക്രമിക്കപ്പെട്ട നടിയ്ക്ക് ഉപദ്രവമുണ്ടാകുമെന്നതും അടിസ്ഥാനരഹിതം മാത്രമാണെന്നും അതിനാല്‍ തന്നെ തനിക്ക് ജാമ്യം അനുവദിക്കണമെന്നും ദിലീപ് ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

കേസില്‍ ഒന്നാം പ്രതി ഒഴികെ മറ്റ് പ്രധാന സാക്ഷികളെയൊന്നും പ്രോസിക്യൂഷന് ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. പരാതിക്കാരന്‍ പ്രശസ്തനായ അഭിനേതാവാണ്, അദ്ദേഹത്തിന്റെ പേരില്‍ മറ്റ് ക്രിമിനല്‍ കേസുകളില്ല, പാവപ്പെട്ടവരെ സഹായിക്കാന്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്നയാളാണ് പരാതിക്കാരന്‍. ജാമ്യഹര്‍ജിയില്‍ ദിലീപ് വ്യക്തമാക്കുന്നു. ഉച്ചയോടുകൂടി ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.

പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ദിലീപിന്റെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശനാണ് ഹാജരായത്. പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ കേസന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top