സിറിയന്‍ ദമ്പതികളുടെ ജൂനിയര്‍ ജസ്റ്റിന്‍ ട്രൂഡോയെ കൈയിലെടുത്ത് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ജസ്റ്റിന്‍ ട്രൂഡോ ജൂനിയറിനെ താലോലിക്കുന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ: രാജ്യത്തിന്റെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കൈയിലായിരുന്നപ്പോഴും സിറിയന്‍ ശിശു ജസ്റ്റിന്‍ ട്രൂഡോയുടെ ഉറക്കത്തിന് വിഘാതമൊന്നും ഉണ്ടായില്ല. താനും തന്റെ സഹോദരങ്ങളും മാതാപിതാക്കളും സിറിയയിലെ കലാപഭൂമിയിലെ അരക്ഷിത ജീവിതത്തിനു പകരം കാനഡയെന്ന സ്വപ്‌നഭൂമിയില്‍ സമാധാനമായി ജീവിക്കുന്നതിന് വഴിയൊരുക്കിയ പ്രധാനമന്ത്രിയുടെ കരങ്ങളില്‍ താന്‍ കൂടുതല്‍ സുരക്ഷിതനാണന്ന ഉറപ്പാകും ആ ശിശു ഗാഢനിദ്രയില്‍ തുടരാന്‍ ഇടയാക്കിയതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. അവന്റെ മാതാപിതാക്കള്‍ അത് ശരിവയ്ക്കുകയും ചെയ്തു.

സിറിയയിലെ അരക്ഷിത ഭൂമിയില്‍ നിന്ന് കാനഡയില്‍ അഭയം തേടിയെത്തിയ മുഹമ്മദിന്റെയും അഫ്രാ ബിലാലിന്റെയും മൂന്നാമത്തെ കുഞ്ഞാണ് ജസ്റ്റിന്‍ ട്രൂഡോ. തങ്ങള്‍ക്ക് അഭയം നല്‍കിയ കാനഡ പ്രധാനമന്ത്രിയോടുള്ള കടപ്പാട് തങ്ങളുടെ മരണംവരെ തുടരുമെന്ന് മുഹമ്മദും അഫ്രയും പറഞ്ഞു. അതിനാലാണ് കാനഡയില്‍ എത്തിയശേഷം പിറന്ന തങ്ങളുടെ മകന് ജസ്റ്റിന്‍ ട്രൂഡോയെന്ന് അവര്‍ പേരിട്ടത്.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് സിറിയയിലെ യൂദ്ധഭൂമിയില്‍ നിന്ന് മുഹമ്മദ് -അഫ്രീദ ദമ്പതികള്‍ തങ്ങളുടെ രണ്ടു കുഞ്ഞുങ്ങളുമായി കാനഡയില്‍ അഭയാര്‍ത്ഥികളായി എത്തിയത്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രത്യേക താല്‍പര്യമെടുത്താണ് സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് കാനഡയില്‍ അഭയമൊരുക്കിയത്. നൂറുകണക്കിന് കുടുംബങ്ങളാണ് നിയമാനുസൃതം കാനഡയില്‍ അഭയം തേടിയത്. ഇങ്ങനെയെത്തിയ സംഘത്തില്‍പ്പെട്ടവരാണ് മുഹമ്മദ് -അഫ്രീദ ദമ്പതികള്‍. തങ്ങളുടെ രണ്ടു കുഞ്ഞുങ്ങളുമായി കാനഡയിലെ സുരക്ഷിത മണ്ണില്‍ കാലുകുത്തും വരെ തികച്ചും അരക്ഷിതമായിരുന്നു ആ കുടുംബത്തിന്റെ ജീവിതം.

ദുരിതങ്ങള്‍ക്കും അരക്ഷിതാവസ്ഥയ്ക്കും ഒടുവില്‍ സ്വപ്‌നസമാനമായ ജീവിതം സ്വന്തമാക്കാന്‍ കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ആദ്യം നന്ദി പറയാനുണ്ടായിരുന്നത് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോടായിരുന്നു. കാനഡയിലെ സുരക്ഷിത ഭൂമിയില്‍ ജീവിതം തുടരുന്നതിനിടെ ഈ വര്‍ഷം മെയ് നാലിനാണ് മുഹമ്മദ് -അഫ്രീദ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്. ആ കുട്ടിക്ക് ജസ്റ്റിന്‍ ട്രൂഡോ എന്നല്ലാതെ മറ്റൊരുപേര് നല്‍കാന്‍ ദമ്പതികള്‍ക്കുണ്ടായിരുന്നില്ല. അങ്ങനെ തങ്ങളുടെ കുടുംബപ്പേര് കൂടി ചേര്‍ത്ത് ജസ്റ്റിന്‍ ട്രൂഡോ ആദം ബിലാല്‍ എന്ന് അവര്‍ കുഞ്ഞിന് പേര് നല്‍കി.

ഒരിക്കല്‍ തങ്ങളുടെ മകന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ കാണാന്‍ കഴിയുമെന്ന് മാതാപിതാക്കള്‍ക്ക് വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ആ ആഗ്രഹം അതിവേഗം സഫലമായതിന്റെ സന്തോഷം കൂടി പങ്കുവച്ചു മുഹമ്മദ് -അഫ്രീദ ദമ്പതികള്‍. കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ ആദം സ്‌കോട്ടിയാണ് താന്‍ പകര്‍ത്തിയ ജസ്റ്റിന്‍ ട്രൂഡോമാരുടെ സംഗമദൃശ്യം ട്വീറ്ററില്‍ പോസ്റ്റ് ചെയ്തത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top