നടിയെ ആക്രമിച്ച കേസ്; അന്‍വര്‍ സാദത്ത് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തി

അന്‍വര്‍ സാദത്ത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. രാവിലെ സി ഐ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേപ്പൈടുത്തിയത്. എംഎല്‍എ ഹോസ്റ്റലില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്താണ് അന്‍വര്‍ സാദത്ത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ മൊഴി എടുത്തത്. നടി ആക്രമിക്കപ്പെട്ട ദിവസം അന്‍വര്‍ സാദത്ത് ദിലീപുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇക്കാര്യങ്ങളെ സംബന്ധിച്ചെല്ലാം അന്വേഷണസംഘം ചോദ്യം ചെയ്തുവെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ സംഭവം നടന്ന ശേഷം ദിലീപ്, അന്‍വര്‍ സാദത്തിനെ പലതവണ വിളിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകള്‍, വിദേശയാത്ര അടക്കമുളള കാര്യങ്ങളെ സംബന്ധിച്ചും അന്വേഷണ സംഘം ചോദിച്ചതായും അന്‍വര്‍ സാദത്ത് പറഞ്ഞു.

ഒരു സ്‌കൂളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ദിലീപിനെ വിളിച്ചതെന്നും തൊട്ട് മുന്‍പുള്ള ദിവസങ്ങളില്‍ ബന്ധപ്പെട്ടെങ്കിലും ലഭിക്കാഞ്ഞതിനാല്‍ സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം വിളിച്ച് സംസാരിച്ചിരുന്നതായും കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ സാദത്ത് പറഞ്ഞിരുന്നു. ഏതന്വേഷണത്തിനും താന്‍ തയ്യാറാണെന്നും സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top