നടിയെ ആക്രമിച്ച കേസ്: ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ രാംകുമാര്‍ വഴിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദത്തിനായി മാറ്റിവെച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. ദിലീപിനെതിരെ കെട്ടിച്ചമച്ച തെളിവാണുള്ളത്. കേസിലെ പ്രധാന തെളിവായ മൊബൈല്‍ഫോണ്‍ പോലും പൊലീസിന് കണ്ടെത്താന്‍ ആയില്ലയെന്നും, ദിലീപിനെതിരെ യാതൊരു തെളിവും ശേഖരിക്കാതെ ഒരു കൊടും ക്രമിനിലന്റെ മൊഴി മാത്രം രേഖപ്പെടുത്തിയാണ് പൊലീസ് അന്വേഷണം നടത്തുന്നതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു.

പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ദിലീപിന്റെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശനാണ് ഹാജരായത്. പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ കേസന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

അതിനിടെ കഴിഞ്ഞ ദിവസം ദിലീപിനെതിരെ രണ്ട് സാക്ഷികള്‍ രഹസ്യമൊഴി നല്‍കി. ദിലീപ് നായകനായ ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായിരുന്നവരാണ് കാലടി കോടതിയില്‍ മൊഴി നല്‍കിയിരിക്കുന്നത്. സെറ്റില്‍വെച്ച് ദിലീപും പള്‍സര്‍ സുനിയും ഒന്നിച്ചിരിക്കുന്നത് കണ്ടു എന്നാണ് ഇവര്‍ മൊഴിനല്‍കിയിരിക്കുന്നത് എന്നാണ് വിവരം. പള്‍സര്‍ സുനിയെ താന്‍ കണ്ടിട്ടേ ഇല്ല എന്നാണ് ദിലീപ് മൊഴി നല്‍കിയിരിക്കുന്നത്.

ഒളിവില്‍ പോയിരിക്കുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ദിലീപുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനാണ് അപ്പുണ്ണി ഒല്‍വില്‍ പോയിരിക്കുന്നതെന്നാണ് പൊലീസ് നിഗമനം. ഗൂഢാലോചനയില്‍ അപ്പുണ്ണിക്കുള്ള പങ്ക് പൊലീസ് നേരത്തെതന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ വിദേശത്തേക്ക് കടത്തിയതായി പൊലീസ് പറഞ്ഞു. ഇവിടെ വെച്ച് ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ ശ്രമം നടന്നതായും പൊലീസ് വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിദേശത്തേക്ക് പോയ ദിലീപിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top