നടിയെ ആക്രമിച്ച കേസ്: രണ്ട് യുഡിഎഫ് എംഎല്‍എമാരുടെ മൊഴി എടുക്കും

തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ മൊഴി എടുക്കാന്‍ പൊലീസ് തീരുമാനിച്ചു. തൃക്കാക്കര എംഎല്‍എ പിടി തോമസ്, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എന്നിവരുടെ മൊഴിയാണ് അന്വേഷണസംഘം എടുക്കുന്നത്. തിരുവനന്തപുരത്ത് വെച്ചാണ് മൊഴിയെടുപ്പ്.

ഇന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ എംഎല്‍എമാര്‍ തിരുവനന്തപുരത്താണ്. അതിനാലാണ് ഇവിടെ വന്ന് മൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ സജീവമായി ഇടപെടുന്ന ആളാണ് പിടി തോമസ് എംഎല്‍എ. അക്രമം നടന്ന രാത്രി നടി സംവിധാകന്‍ ലാലിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ ആദ്യം എത്തിയ വ്യക്തികളില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു. സംഭവത്തില്‍ ആദ്യ അറസ്റ്റിന് വഴിവെച്ചതും പിടി തോമസാണ്. സംഭവത്തെ കുറിച്ച് റേഞ്ച് ഐജി പി വിജയന് വിവരം നല്‍കിയതും നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ സഹായിച്ചതും പിടി തോമസ് ആയിരുന്നു. സ്ഥലത്ത് ആദ്യമെത്തിയ ആളായിട്ടും തന്റെ മൊഴി എടുക്കാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം അടുത്തിടെ പരാതി ഉന്നയിച്ചിരുന്നു.

നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്താണ് അന്‍വര്‍ സാദത്ത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ മൊഴി എടുക്കുന്നത്. നടി ആക്രമിക്കപ്പെട്ട ദിവസം അന്‍വര്‍ സാദത്ത് ദിലീപുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഒരു സ്‌കൂളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ദിലീപിനെ വിളിച്ചതെന്നും തൊട്ട് മുന്‍പുള്ള ദിവസങ്ങളില്‍ ബന്ധപ്പെട്ടെങ്കിലും ലഭിക്കാഞ്ഞതിനാല്‍ സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം വിളിച്ച് സംസാരിച്ചിരുന്നതായാണ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ സാദത്ത പറഞ്ഞത്. ഏതന്വേഷണത്തിനും താന്‍ തയ്യാറാണെന്നും സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top