പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; 16 പുതിയ ബില്ലുകള്‍ പരിഗണിക്കും

ദില്ലി: പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം ഇന്ന് ആരംഭിക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പോടെയാണ് സമ്മേളനത്തിന് തുടക്കമാകുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇന്ന് മുതല്‍ അടുത്ത മാസം 11 വരെയുള്ള പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷവുമായി സമവായത്തിലെത്താന്‍ കേന്ദ സര്‍ക്കാര്‍ ഇന്നലെ സര്‍വ കക്ഷി യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ഭരണകക്ഷിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ നിരവധി വിഷയങ്ങള്‍ ഉള്ളതിന്റെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം.

16 പുതിയ ബില്ലുകള്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ പരിഗണനയ്ക്ക് എത്തും. വിസില്‍ ബ്ലോവേഴ്‌സ് ആക്ട്, വിദ്യഭ്യാസ അവകാശ നിയമത്തിന്റെ ഭേദഗതികള്‍, സിറ്റിസണഷിപ്പ് ആക്ട് എന്നിവയുമായി ബന്ധപ്പെട്ട ബില്ലുകളും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം, ചരക്ക് സേവന നികുതി നടപ്പിലാക്കിയതിലെ പാകപ്പിഴ, അതിര്‍ത്തി പ്രശ്‌നങ്ങള്‍, കര്‍ഷക പ്രക്ഷോഭം, ബീഫ് എന്നിവ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ ആയുധമാക്കും.

രാഷ്ട്രപതി തെരഞ്ഞെടുപ്പ്, ജിഎസ്ടി നടപ്പാക്കിയതിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ ഒന്നിച്ചു നീങ്ങാന്‍ 18 പാര്‍ട്ടികളടങ്ങുന്ന പ്രതിപക്ഷ സഖ്യം തീരുമാനിച്ചിട്ടുണ്ട്.

ചൈനയുമായുള്ള തര്‍ക്കങ്ങള്‍, കശ്മീരിലെ പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഈ വിഷയങ്ങളിലെ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ പ്രതിപക്ഷം രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top