നടിയെ ആക്രമിച്ച കേസ്: ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ രാംകുമാറാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കുക.

ശനിയാഴ്ചയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ഇത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശനാണ് ഹാജരായത്. പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ കേസന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

അതിനിടെ കഴിഞ്ഞ ദിവസം ദിലീപിനെതിരെ രണ്ട് സാക്ഷികള്‍ രഹസ്യമൊഴി നല്‍കി. ദിലീപ് നായകനായ ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായിരുന്നവരാണ് കാലടി കോടതിയില്‍ മൊഴി നല്‍കിയിരിക്കുന്നത്. സെറ്റില്‍വെച്ച് ദിലീപും പള്‍സര്‍ സുനിയും ഒന്നിച്ചിരിക്കുന്നത് കണ്ടു എന്നാണ് ഇവര്‍ മൊഴിനല്‍കിയിരിക്കുന്നത് എന്നാണ് വിവരം. പള്‍സര്‍ സുനിയെ താന്‍ കണ്ടിട്ടേ ഇല്ല എന്നാണ് ദിലീപ് മൊഴി നല്‍കിയിരിക്കുന്നത്.

ഒളിവില്‍ പോയിരിക്കുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ദിലീപുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനാണ് അപ്പുണ്ണി ഒൡവില്‍ പോയിരിക്കുന്നതെന്നാണ് പൊലീസ് നിഗമനം. ഗൂഢാലോചനയില്‍ അപ്പുണ്ണിക്കുള്ള പങ്ക് പൊലീസ് നേരത്തെതന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ വിദേശത്തേക്ക് കടത്തിയതായി പൊലീസ് പറഞ്ഞു. ഇവിടെ വെച്ച് ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ ശ്രമം നടന്നതായും പൊലീസ് വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിദേശത്തേക്ക് പോയ ദിലീപിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top