മിതാലി അടിച്ചു; ഗെയ്ക്‌വാദ് എറിഞ്ഞിട്ടു: കീവിളെ തകര്‍ത്ത് ഇന്ത്യ വനിതാ ലോകകപ്പ് സെമിയില്‍

ഡര്‍ബി: ഇന്ത്യ വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയില്‍ പ്രവേശിച്ചു. നിര്‍ണായകമായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. 186 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് മിതാലിയും സംഘവും സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തി 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 25.3 ഓവറില്‍ വെറും 79 റണ്‍സിന് പുറത്തായി. സ്‌കോര്‍ ഇന്ത്യ 50 ഓവറില്‍ അഞ്ചിന് 265, ന്യൂസിലന്‍ഡ് 25.3 ഓവറില്‍ 79 ന് പുറത്ത്.

സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ മിതാലി രാജിന്റെ നേതൃത്വത്തില്‍ കീവികളെ അടിച്ചുപറത്തിയ ഇന്ത്യ പിന്നീട് രാജേശ്വരി ഗെയ്ക്‌വാദിന്റെ നേതൃത്വത്തില്‍ കീവികളുടെ ചിറക് അരിഞ്ഞിട്ടു. 7.3 ഓവറില്‍ വെറും 15 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ഗെയ്ക്‌വാദാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് മിതാലി രാജും (123 പന്തില്‍ 109 റണ്‍സ്) വേദ കൃഷ്ണമൂര്‍ത്തിയുടെ വെടിക്കെട്ടുമാണ് (45 പന്തില്‍ 70 റണ്‍സ്) മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഏകദിനത്തില്‍ തന്റെ ആറാം സെഞ്ച്വറിയാണ് മിതാലി കുറിച്ചത്. 90 പന്തില്‍ 60 റണ്‍സുമായി ഹര്‍മന്‍പ്രീത് കൗറും മികച്ച സംഭാവന നല്‍കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top