വീനസ് വീണു; വിംബിള്‍ഡണില്‍ ആദ്യ കിരീടം ചൂടി മുഗുരസെ: പുരുഷ ഫൈനലില്‍ ഇന്ന് ഫെഡറര്‍-സിലിക് പോരാട്ടം

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ വിഭാഗം കിരീടം സ്‌പെയിനിന്റെ ഗര്‍ബിന്‍ മുഗുരസെ സ്വന്തമാക്കി. ഫൈനലില്‍ അമേരിക്കയുടെ വെറ്ററന്‍ താരം വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു മുഗുരസെയുടെ കിരീടനേട്ടം. സ്‌കോര്‍ 7-5,-6-0. മുഗുരസെയുടെ ആദ്യ വിംബിള്‍ഡണ്‍ കിരീടമാണിത്. 2015 ഫൈനലില്‍ സെറീന വില്യംസിനോടേറ്റ തോല്‍വിക്ക് ചേച്ചി വീനസിനെ മുട്ടുകുത്തിച്ച് കിരീടം നേടി മുഗുരസെ പകരംവീട്ടി.

അഞ്ച് വട്ടം ചാമ്പ്യനായ വീനസിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് മുഗുരസെ നടത്തിയത്. പ്രത്യേകിച്ച് രണ്ടാം സെറ്റില്‍. ആദ്യ സെറ്റില്‍ മികച്ച പോരാട്ടവീര്യം കാട്ടിയ 37 കാരിയായ വീനസിന് പക്ഷെ രണ്ടാം സെറ്റില്‍ ഒരു ഗെയിം പോലും നേടാനായില്ല. വെറഉം 77 മിനിട്ടില്‍ മത്സരവും 24 മിനിട്ടില്‍ രണ്ടാം സെറ്റും അവസാനിച്ചു. 23 കാരിയായ മുഗുരസെയുടെ രണ്ടാം ഗ്രാന്റ് സ്ലാം കിരീടമാണിത്. നേരത്തെ 2016 ല്‍ ഫ്രഞ്ച് ഓപ്പണും താരം നേടിയിരുന്നു.

തന്റെ റോള്‍മോഡല്‍ കൂടിയായ വീനസിനെ തന്നെ തോല്‍പ്പിച്ച് കിരീടം നേടാന്‍ സാധിച്ചതിനെ അവിശ്വസനീയം എന്നാണ് സ്‌പെയിന്‍ താരം വിശേഷിപ്പിച്ചത്. 2015 ലെ തോല്‍വിക്ക് ശേഷം താനിവിടെ കിരീടം നേടുമെന്ന് അന്ന് സെറീന പറഞ്ഞ കാര്യവും മുഗുരസെ ഓര്‍മിച്ചു.

പുരുഷവിഭാഗം ഫൈനലില്‍ മൂന്നാം സീഡ് സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഏഴാം സീഡ് ക്രൊയേഷ്യന്‍ താരം മരിന്‍ സിലികിനെ നേരിടും. ഏറ്റവും അധികം ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ക്ക് ഉടമയായ ഫെഡറര്‍ക്ക് ഇന്ന് വിജയിക്കാനായാല്‍ ഏറ്റവും കൂടുതല്‍ തവണ വിംബിള്‍ഡണ്‍ നേടിയ താരമെന്ന ബഹുമതി പീറ്റ് സാംപ്രസില്‍ നിന്നും സ്വന്തമാക്കാം. ഇരുവരും ഏഴുതവണയാണ് ഇവിടെ കിരീടം ചൂടിയിട്ടുള്ളത്. ഒപ്പം ഇവിടെ കിരീടം ചൂടുന്ന പ്രായം കൂടിയ താരമായും ഫെഡറര്‍ മാറും. വിംബിള്‍ഡണില്‍ ഫെഡററുടെ പതിനൊന്നാം ഫൈനലാണ് ഇന്നത്തേത്.

ടൂര്‍ണമെന്റില്‍ ഒരു സെറ്റും വഴങ്ങാതെയാണ് 35 കാരനായ ഫെഡറര്‍ ഫൈനലില്‍ എത്തിയിരിക്കുന്നത്. മികച്ച പോരാട്ടം കാഴ്ചവെച്ചാണ് മരിന്‍ സിലിക് ഫൈനലിലെത്തിയിരിക്കുന്നത്. മികച്ച സെര്‍വുകളുടെ ഉടമയായ സിലിക് പവര്‍ ടെന്നീസിന്റെ വക്താവാണ്. സിലികും ഫെഡററും ഇതുവരെ ഏഴുതവണ ഏറ്റുമുട്ടിയപ്പോള്‍ ആറിലും വിജയം ഫെഡറര്‍ക്കൊപ്പമായിരുന്നു.

ഫെഡറര്‍ സെമിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തപ്പോള്‍ അട്ടിമറി വീരന്‍ അമേരിക്കയുടെ സാം ഖുറെയുടെ വെല്ലുവിളി ഒന്നിനെതിരെ നാലുസെറ്റുകള്‍ക്ക് മറികടന്നാണ് സിലിക് കലാശപ്പോരിന് അര്‍ഹത നേടിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top