വിംബിള്‍ഡണ്‍ പുരുഷവിഭാഗം ഫൈനലില്‍ ഫെഡറര്‍-സിലിക് പോരാട്ടം; വനിതാ വിഭാഗം ജേതാവിനെ ഇന്നറിയാം

ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷവിഭാഗം ഫൈനലില്‍ സ്വിറ്റ്‌സര്‍ലന്റിന്റെ റോജര്‍ ഫെഡററും ക്രൊയേഷ്യയുടെ മരിന്‍ സിലികും ഏറ്റുമുട്ടും. സെമിയില്‍ മൂന്നാം സീഡ് ഫെഡറര്‍ ചെക്ക് റിപ്പബ്ലിക്കിന്റെ പതിനൊന്നാം സീഡ് തോമസ് ബെര്‍ഡിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തപ്പോള്‍ സിലിക് അട്ടിമറി വീരന്‍ ജൈല്‍സ് മുള്ളറെ മറികടന്നു. ഞായറാഴ്ചയാണ് ഫൈനല്‍. ഇന്ന് നടക്കുന്ന വനിതാ വിഭാഗം ഫൈനലില്‍ അമേരിക്കയുടെ വീനസ് വില്യംസും സ്‌പെയിനിന്റെ ഗാര്‍ബിന്‍ മുഗുരസെയും ഏറ്റുമുട്ടും.

ഇവിടെ ഏഴുവട്ടം ചാമ്പ്യനായ ഫെഡറര്‍ അനായാസമാണ് ഫൈനലിലെത്തിയത്. സ്‌കോര്‍ 7-6(4), 7-6(4), 6-4. ആദ്യ രണ്ട് സെറ്റുകള്‍ ടൈ ബ്രേക്കറിലേക്ക് നീങ്ങിയെങ്കിലും പരിചയസമ്പത്തിന്റെ മികവില്‍ ഫെഡറര്‍ പിടിച്ചെടുത്തു. മൂന്നാം സെറ്റില്‍ ചെക്ക് താരത്തിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത ഫെഡറര്‍ 6-4 ന് സെറ്റും മത്സരവും സ്വന്തമാക്കി. മത്സരം രണ്ട് മണിക്കൂറും 18 മിനിട്ടും നീണ്ടുനിന്നു. ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് 35 കാരനായ ഫെഡറര്‍ കലാശപ്പോരിന് അര്‍ഹത നേടിയിരിക്കുന്നത്.

വിംബിള്‍ഡണിലെ ഫെഡററുടെ പതിനൊന്നാം ഫൈനലാണിത്. ഇത്തവണ കിരീടം ചൂടിയാല്‍ ഏറ്റവും കൂടുതല്‍ തവണ വിംബിള്‍ഡണ്‍ നേടുന്ന പുരുഷ താരമെന്ന ബഹുമതി സ്വിസ് താരത്തിന് സ്വന്തമാകും. ഒപ്പം വിംബിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായംകൂടിയ താരമായും ഫെഡറര്‍ മാറും. 1975 ല്‍ 32 ആം വയസില്‍ കിരീടം നേടിയ അര്‍തര്‍ ആഷെയുടെ പേരിലാണ് നിലവില്‍ ആ റെക്കോര്‍ഡ്.

ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍ മറെയെ അട്ടിമറിച്ചെത്തിയ മുള്ളറില്‍ നിന്നുള്ള വെല്ലുവിളി അതിജീവിച്ചാണ് സിലിക് ഇവിടെ ആദ്യ ഫൈനല്‍ പ്രവേശം നടത്തിയിരിക്കുന്നത്. സ്‌കോര്‍ 6-7(6-8), 6-4, 7-6(3), 7-5. സിലികിന്റെ രണ്ടാം ഗ്രാന്റ് സ്ലാം ഫൈനലാണിത്. നേരത്തെ 2014 ല്‍ യുഎസ് ഓപ്പണിന്റെ ഫൈനലിലെത്തുകയും കിരീടം നേടുകയും ചെയ്തിട്ടുണ്ട്. സിലികും ഫെഡററും ഇതുവരെ ഏഴുതവണ ഏറ്റുമുട്ടിയപ്പോള്‍ ആറിലും വിജയം ഫെഡറര്‍ക്കൊപ്പമായിരുന്നു.

വനിതാ വിഭാഗം ജേതാവിനെ ഇന്നറിയാം. അഞ്ച് വട്ടം ചാമ്പ്യനായ വീനസ് വില്യംസും ഗാര്‍ബിന്‍ മുഗുരസെയും തമ്മിലാണ് കലാശപ്പോര്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top