പാകിസ്താന് പ്രധാനമന്ത്രിയ്ക്കെതിരായ അന്വേഷണം: അഴിമതി ആരോപണങ്ങള്‍ തെളിയിക്കാന്‍ നവാസ് ഷെരീഫിന്റെ വെല്ലുവിളി

നവാസ് ഷെരീഫ് (ഫയല്‍]
ഇസ്ലാമാബാദ്:തനിക്കെതിരായ അഴിമതി ആരോപണങ്ങള്‍ തെളിയിക്കാന്‍ പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ വെല്ലുവിളി. രാജിയ്ക്കായി സമ്മര്‍ദം ഏറുമ്പോള്‍ ഇന്ന് ചേര്‍ന്ന പാകിസ്താന് മുസ്ലീം ലീഗ് പാര്‍ട്ടി യോഗത്തിലാണ് ഷെറീഫ് തനിക്കെതിരെ തെളിവില്ലെന്ന് ആവര്‍ത്തിച്ചത്. ഇന്നലെ ചേര്‍ന്ന അടിയന്തിര മന്ത്രിസഭ യോഗത്തില്‍ രാജി ആവശ്യം നവാസ് ഷെറീഫ് തള്ളികളഞ്ഞിരുന്നു.
പാകിസ്താനിലെ ജനങ്ങളാണ് തന്നെ തെരഞ്ഞെടുത്തതെന്നും അവര്‍ക്ക് മാത്രമേ തന്നെ ഈ സ്ഥാനത്തുനിന്നും പുറത്താക്കാന്‍ സാധിക്കുവെന്നുമായിരുന്നു ഷെറീഫിന്റെ നിലപാട്. സംയുക്തഅന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലുള്ളത് വെറും ആരോപണങ്ങളും ഊഹാപോഹങ്ങളും മാത്രമാണെന്നും ഷെറീഫ് പറഞ്ഞു. രാഷ്ട്രീയത്തില്‍ നിന്ന് നഷ്ടങ്ങള്‍ മാത്രമാണ് തനിക്കുണ്ടായതെന്നും തന്റെ രാജി ആവശ്യപ്പെടുന്നവര്‍ ആത്മ പരിശോധന നടത്തണമെന്നും ഷെറീഫ് യോഗത്തില്‍ ആവശ്യപ്പെട്ടു.
രഹസ്യ നിക്ഷേപത്തെക്കുറിച്ചുള്ള പാനമ രേഖകള്‍ പുറത്തുവന്നതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നേരിടുകയാണ് നവാസ് ഷെരീഫ്. സൈന്യവും പ്രധാനമന്ത്രിയുടെ രാജിയ്ക്കായി ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. സൈന്യം എതിരായ സാഹചര്യത്തില്‍ പാക് പ്രധാനമന്ത്രിക്ക് എത്രകാലം പിടിച്ചുനില്ക്കാന് കഴിയുമെന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
പനാമ രേഖകളുമായി ബന്ധപ്പെട്ട് സംയുക്ത സംഘം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലെ ആരോപണങ്ങളെ നേരിടുന്നതിന് കഴിഞ്ഞ ദിവസം അടിയന്തിര മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ഷെരീഫിനെതിരായ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സുപ്രീംകോടതിലാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഈ റിപ്പോര്‍ട്ടില്‍ നവാസ് ഷെരീഫിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ അന്വേഷണം നടത്താമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിസഭായോഗം ചേര്‍ന്നത്.
സൈന്യം പ്രധാനമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കിയതിനൊപ്പം പ്രതിപക്ഷപാര്‍ട്ടികള്‍ ഈ ആവശ്യമുന്നയിച്ച് നടത്തുന്ന പ്രതിഷേധം തുടരുകയാണ്.സൈന്യവും പ്രതിപക്ഷവും നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പ്രശ്നം ചര്‍ച്ച ചെയ്യാന്മന്ത്രിസഭ കൂടാന്‍ തീരുമാനിച്ചത്.
നവാസ് ഷെരീഫിന്റെ മക്കളായ മറിയം, ഹസന്, ഹുസൈന് എന്നിവര്‍ പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സെക എന്ന നിയമസ്ഥാപനം വഴി ഇംഗ്ലണ്ടില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം. ലോകത്തെമ്പാടുമുള്ള നിരവധി പ്രമുഖരുടെ ബിനാമി ഇടപാടുകള്‍ പുറത്തുകൊണ്ടുവന്ന പാനമ രേഖകളിലുണ്ടായിരുന്ന പ്രധാനപേരുകളായിരുന്നു പാക് പ്രധാനമന്ത്രിയുടെ മക്കളുടേത്. എന്നാല്‍ തങ്ങളുടെ ഇടപാടുകള്‍ നിയമാനുസൃതമാണെന്നാണ് ഷെരീഫിന്റെയും കുടുംബത്തിന്റെയും വാദം.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക