സ്ത്രീകളെ കാണുമ്പോള്‍ ട്രംപ് വീണ്ടും പദവി മറക്കുന്നു; നിങ്ങള്‍ക്ക് നല്ല ഷെയ്പ്പാണെന്ന് ഫ്രഞ്ച് പ്രഥമ വനിതയോട് കമന്റ്

പാരിസ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പണ്ടുമുതലേ സ്ത്രീവിഷയത്തില്‍ വളരെ ദുര്‍ബലനാണ് എന്ന് ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ച വാര്‍ത്തകളെ ശരിവച്ചുകൊണ്ട് പല സ്ത്രീകളും ട്രംപുമായി തങ്ങള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം തങ്ങളോട് മോശമായി പെരുമാറിയിരുന്നുവെന്നും പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണകാലത്ത് തുടങ്ങിയ ഇത്തരം ആരോപണങ്ങള്‍ ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷവും അധികാരത്തിലെത്തിയശേഷവും തുടര്‍ന്നു. ഇപ്പോഴും അമേരിക്കന്‍ പ്രസിഡന്റിന്റെ സ്ത്രീ വിഷയ ദൗര്‍ബല്യം വാര്‍ത്തകളില്‍ നിറയുകയും ചെയ്യുന്നു. ഇതില്‍ അവസാനത്തേതാണ് തന്റെ ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍, ഫ്രഞ്ച് പ്രഥമവനിതയോട് അവരുടെ ശരീരഘടനയെ പുകഴ്ത്തി സംസാരിച്ച സംഭവം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും ഭാര്യ ബ്രിജിത്ത് മാക്രോണും ചേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റിനെയും പ്രഥമവനിത മെലാനിയയെയും സ്വീകരിച്ച ചടങ്ങിലാണ് തന്റെ പദവി മറന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ബ്രിജിത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തിയത്.

ഫ്രഞ്ച് വീരനായകന്‍ നെപ്പോളിയന്‍ ബോണാപാര്‍ട്ടിന്റെ അടക്കം ഫ്രഞ്ച് പോരാളികളുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിച്ചേശേഷം ഇതിനോട് ചേര്‍ന്നുള്ള ഹോട്ടലിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ കമന്റ് വന്നത്. ‘നിങ്ങള്‍ക്ക് എന്ത് നല്ല ഷെയ്പ്പാണ് ‘ ബ്രജീത്തിന്റെ ഇരുകൈകളിലും പിടിച്ച് ട്രംപ് ചോദിച്ചു. തുടര്‍ന്ന് സമീപത്ത് നിന്ന ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനോട് അദ്ദേഹത്തിന്റെ ഭാര്യക്ക് നല്ല ഷെയ്പ്പാണുള്ളതെന്നും താന്‍ പറഞ്ഞത് ശരിയല്ലേയെന്നും ചോദിച്ച് അഭിനന്ദിക്കുകയും ചെയ്തു. ഇത്രപറഞ്ഞിട്ടും മതിവരാതെ ‘സുന്ദരി തന്നെ’ എന്ന് ഒരിക്കല്‍ കൂടി പറഞ്ഞാണ് തന്റെ അഭിനന്ദനം ട്രംപ് മതിയാക്കിയത്. ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ ലൈവ് പോസ്റ്റിലാണ് ദൃശ്യങ്ങള്‍ വന്നത്. ട്രംപിന്റെ ആദ്യ ഫ്രാന്‍സ് സന്ദര്‍ശനമാണ്.

ഈ വര്‍ഷം മെയ് 14 നാണ് ഇമ്മാനുവേല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി ചുമതലയേറ്റത്. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് 39 വയസുകാരനായ മാക്രോണ്‍. പ്രസിഡന്റ് ചെറുപ്പമാണെങ്കിലും അദ്ദേഹത്തിന്റെ പത്‌നിക്ക് പ്രായം അദ്ദേഹത്തിന്റെ ഇരട്ടിയോളമുണ്ട്. ഭാര്യ ബ്രജിത്തിന് 64 വയസുണ്ട്. ആദ്യഭര്‍ത്താവുമായുള്ള ബന്ധമൊഴിഞ്ഞ് 2007 ല്‍ ആണ് മാക്രോണിനെ ബ്രജിത്ത് വിവാഹം കഴിച്ചത്. മാക്രോണിന്റെ സ്‌കൂള്‍ ടീച്ചറായിരുന്നു ഇവര്‍. വിദ്യാര്‍ത്ഥിക്ക് തന്റെ അധ്യാപികയോട് തോന്നിയ പ്രണയം വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ശക്തമാകുകയും ഒടുവില്‍ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top