വിംബിള്‍ഡണ്‍ വനിതാ വിഭാഗത്തില്‍ വീനസ്-മുഗുരസെ ഫൈനല്‍

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് വനിതാവിഭാഗം ഫൈനലില്‍ അമേരിക്കയുടെ വീനസ് വില്യംസും സ്‌പെയിനിന്റെ ഗാര്‍ബിന്‍ മുഗുരസെയും ഏറ്റുമുട്ടും. അഞ്ച് വട്ടം ചാമ്പ്യനായ വീനസ് ബ്രിട്ടന്റെ ജൊഹാന കോണ്ടയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തപ്പോള്‍ മുഗുരസെ സ്ലൊവാക്യയുടെ സീഡില്ലാ താരം മഗ്ദലേന റൈബറിക്കോവയെ അനായാസം മറികടന്നു. പുരുഷ വിഭാഗം ഫൈനലിസ്റ്റുകളെ ഇന്നറിയാം. ഇന്ന് നടക്കുന്ന സെമി ഫൈനലുകളില്‍ റോജര്‍ ഫെഡറര്‍ തോമസ് ബെര്‍ഡിച്ചിനേയും സാം ഖുറെ മരിന്‍ സിലികിനെയും നേരിടും.

പത്താം സീഡായ വീനസ് 6-4, 6-2 എന്ന സ്‌കോറിനാണ് കോണ്ടയെ മറികടന്നത്. ഇതോടെ വിംബിള്‍ഡണ്‍ ഫൈനലില്‍ ഒരു ബ്രിട്ടീഷ് താരം ഉണ്ടാകുമെന്ന ആതിഥേയരുടെ സ്വപ്‌നം പൊലിഞ്ഞു. നേരത്തെ പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ ആന്റി മറെ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. നീണ്ട ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീനസ് ഇവിടെ ഫൈനലിലെത്തിയിരിക്കുന്നത്. 1994 ല്‍ മാര്‍ട്ടിന നവരത്‌ലോവ ഫൈനലിലെത്തിയ ശേഷം വിംബിള്‍ഡണ്‍ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതിയും 37 കാരിയായ വീനസ് സ്വന്തമാക്കി. നേരത്തെ 2000, 01, 05, 07, 08 വര്‍ഷങ്ങളിലായിരുന്നു വീനസ് ഇവിടെ കിരീടം ചൂടിയത്. 73 മിനിട്ട് നീണ്ട മത്സരത്തിന്റെ പ്രായാധിക്യമൊന്നും വീനസിന്റെ പ്രകടനത്തെ ബാധിച്ചില്ല. ആദ്യ സെറ്റില്‍ മാത്രമാണ് കോണ്ടയ്ക്ക് അല്‍പമെങ്കിലും പൊരുതാനായത്.

രണ്ടാം സെമിയില്‍ ഏകപക്ഷീയ വിജയത്തോടെയാണ് മുഗുരസെ കലാശപ്പോരിന് അര്‍ഹത നേടിയിരിക്കുന്നത്. 65 മിനിട്ട് മാത്രം നീണ്ട മത്സരത്തില്‍ ഒന്നുപൊരുതാന്‍ പോലും സ്ലൊവാക്യന്‍ താരത്തിന് സാധിച്ചില്ല. നേരത്തെ 2015 ല്‍ ഇവിടെ ഫൈനലിലെത്തിയ മുഗുരസെ വീനസിന്റെ സഹോദരി സെറീനയ്ക്ക് മുന്നില്‍ കിരീടം അടിയറ വെക്കുകയായിരുന്നു. അനിയത്തിയോടേറ്റ തോല്‍വിക്ക് ചേചേച്ചിയെ തോല്‍പ്പിച്ച് കിരീടം നേടി തീര്‍ക്കാനാണ് സ്‌പെയിന്‍ താരം ലക്ഷ്യമിടുന്നത്. മുഗുരസയുടെ മൂന്നാം ഗ്രാന്റ് സ്ലാം ഫൈനലാണിത്. നേരത്തെ 2016 ഫ്രഞ്ച് ഓപ്പണില്‍ ഫൈനലിലെത്തിയ താരം തന്റെ ആദ്യ ഗ്രാന്റ് സ്ലാം അവിടെ സ്വന്തമാക്കിയിരുന്നു.

പുരുഷ വിഭാഗം ഫൈനലിസ്റ്റുകളെ ഇന്ന് അറിയാം. ഇന്ന് നടക്കുന്ന സെമി ഫൈനലുകളില്‍ ഏഴുവട്ടം ചാമ്പ്യനായ സ്വിസ് താരം റോജര്‍ ഫെഡറര്‍ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസി ബെര്‍ഡിച്ചിനെ നേരിടും. ക്വാര്‍ട്ടറില്‍ ഫെഡറര്‍ കാനഡയുടെ മിലാസ് റാവോണികിനെ തോല്‍പ്പിച്ചപ്പോള്‍ ബെര്‍ഡിച്ചിന്റെ എതിരാളിയായ നൊവാക് ദ്യോകോവിച് മത്സരത്തില്‍ പിന്നിട്ട് നില്‍ക്കവെ പരുക്ക് കാരണം പിന്‍മാറുകയായിരുന്നു.

നിലവിലെ ചാമ്പ്യന്‍ ബ്രിട്ടന്റെ ആന്റി മറെയ അട്ടിമറിച്ചെത്തിയ അമേരിക്കയുടെ സാം ഖുറെയും ക്രൊയേഷ്യയുടെ മരിന്‍ സിലികും തമ്മിലാണ് മറ്റൊരു സെമി. നദാലിനെ അട്ടിമറിച്ചെത്തിയ ജൈല്‍സ് മുള്ളറെയാണ് സിലിക് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top