വിംബിള്‍ഡണ്‍: ഫെഡറര്‍-ബെര്‍ഡിച്ച്; ഖുറെ-സിലിക് സെമിഫൈനല്‍

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷവിഭാഗം സെമി ലൈനപ്പായി. ആദ്യ സെമിയില്‍ ഇരുപത്തിനാലം സീഡ് അമേരിക്കയുടെ സാം ഖുറെയും ഏഴാം സീഡ് ക്രൊയേഷ്യയുടെ മരിന്‍ സിലികും ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ ഏഴുവട്ടം ചാമ്പ്യനായ റോജര്‍ ഫെഡറര്‍ക്ക് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചാണ് എതിരാളി.

വമ്പന്‍ അട്ടിമറി കണ്ട ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ ബ്രിട്ടന്റെ ആന്റി മറെ പുറത്തായപ്പോള്‍ നൊവാക് ദ്യോകോവിചിന് പരുക്ക് മൂലം പിന്‍മാറേണ്ടി വന്നത് തിരിച്ചടിയായി. സാം ഖുറെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് മറെയുടെ സെമി മോഹങ്ങള്‍ തകര്‍ത്തത്. സ്‌കോര്‍ 3-6, 6-4, 6-7, 6-1, 6-1. രണ്ട് തവണ പിന്നിട്ട് നിന്ന ശേഷം തിരിച്ചടിച്ചാണ് ഖുറെ വിജയം കണ്ടത്. അവസാന രണ്ട് സെറ്റുകളില്‍ ലോക ഒന്നാം നമ്പറായ മറെയ്ക്ക് പിടിച്ച് നില്‍ക്കാനായില്ല. ഇടുപ്പിലെ പരുക്കാണ് മറെയ്ക്ക് തിരിച്ചടിയായത്.

വിംബിള്‍ഡണില്‍ എട്ടാം കിരീടം ലക്ഷ്യമിടുന്ന ഫെഡറര്‍ ആറാം സീഡ് കാനഡയുടെ മിലാസ് റാവോണികിനെ അനായാസം മറികടന്നാണ് സെമിയിലെത്തിയത്. വിംബിള്‍ഡണില്‍ സ്വിസ് താരത്തിന്റെ പന്ത്രണ്ടാം സെമിഫാനലാണിത്. കഴിഞ്ഞ തവണ ഇവിടെ ഫെഡററെ സെമിയില്‍ അട്ടിമറിച്ച റാവോണിക് മികച്ച പോരാട്ടം കാഴ്ചവെക്കുമെന്ന് തോന്നിച്ചെങ്കിലും ഫെഡററുടെ പോരാട്ടവീര്യത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല. രണ്ട് മണിക്കൂറില്‍ താഴെ സമയമേ ഫെഡറര്‍ക്ക് വേണ്ടി വന്നുള്ളൂ. സ്‌കോര്‍ 6-4, 6-2, 7-6. അവസാന സെറ്റില്‍ മാത്രമേ കനേഡിയന്‍ താരത്തിന് അല്‍പമെങ്കിലും പിടിച്ച് നില്‍ക്കാനായുള്ളൂ. വിംബിള്‍ഡണില്‍ ഫെഡററുടെ നൂറാം മത്സരമായിരുന്നു ഇത്.

ക്രൊയേഷ്യയുടെ മരിന്‍ സിലിക് നദാലിനെ അട്ടിമറിച്ചെത്തിയ ജൈല്‍സ് മുള്ളറെയാണ് തോല്‍പ്പിച്ചത്. മത്സരം അഞ്ച് സെറ്റ് നീണ്ടുനിന്നു. സ്‌കോര്‍ 3-6, 7-6, 7-5, 5-7, 6-1. 33 എയ്‌സുകളും 74 വിന്നറുകളും പറത്തിയ സിലികിന് മുന്നില്‍ മുള്ളര്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല.

മൂന്ന് വട്ടം ചാമ്പ്യനായ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച് മത്സരത്തില്‍ പിന്നിട്ട് നില്‍ക്കെ പരുക്ക്മൂലം പിന്‍വാങ്ങുകയായിരുന്നു. ആദ്യസെറ്റ് ടൈബ്രേക്കറില്‍ നഷ്ടമായ (6-7) ദ്യോകോ രണ്ടാം സെറ്റില്‍ 0-2 ന് പിന്നിട്ട് നില്‍ക്കവെയാണ് കൈമുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് പിന്‍മാറിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top