പെട്രോള്‍ പമ്പുടമകള്‍ വീണ്ടും സമരത്തിലേക്ക്; ചൊവ്വാഴ്ച സംസ്ഥാനത്ത് പമ്പുകള്‍ തുറക്കില്ലെന്ന് പെട്രോള്‍ ഡീലേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി

ഫയല്‍ ചിത്രം

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ ചൊവ്വാഴ്ച തുറന്നു പ്രവര്‍ത്തിക്കില്ല. പെട്രോള്‍ ഡീലേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി  ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. 9,10 തീയതികളില്‍ പെട്രോളിയം കമ്പനികളില്‍ നിന്ന് ഇന്ധനം വാങ്ങില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഇന്ധന വില പ്രതിദിനം മാറ്റുന്ന പരിഷ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധ സമരം നടത്തുന്നത്. പുതിയ പരിഷ്കാരം മൂലം മാസം നാല്പതിനായിരം മുതല്‍ അറുപതിനായിരം രൂപ വരെ പമ്പുടമകള്‍ക്ക് നഷ്ടമാകുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പമ്പുകള്‍ക്കുള്ള കമ്മീഷന്‍ തുക വര്‍ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഇന്ധന വിലയിലെ മാറ്റം രാത്രി എട്ടരയോടെ അറിയാനാകും. എന്നാല്‍ പമ്പുകള്‍ രാവിലെ മാത്രമാണ് മാറ്റം നടപ്പാക്കുന്നത്. ഇതു മൂലം പ്രതിദിനം നഷ്ടമുണ്ടാകുന്നു. ചിലപ്പോള്‍ ഒരു പൈസയാണ് മാറ്റമുണ്ടാകുന്നതെന്നും കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.

അതിനിടെ പ്രതിദിന ഇന്ധന വില പരിഷ്കരണത്തിനെതിരെ ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ഈ മാസം 12 ന് പമ്പുകളടച്ചിട്ടുള്ള രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ജൂലൈ 12 ന് ഇന്ധനം വാങ്ങുകയോ വില്‍ക്കുകയോ ചെയ്യില്ലെന്നാണ് അസോസിയേഷന്‍ അറിയിച്ചിട്ടുള്ളത്.

നേരത്തെ ഇന്ധനവില പ്രതിദിനമാക്കുന്നതിനെതിരെ പമ്പുടമകള്‍ സമരം നടത്താനൊരുങ്ങിയിരുന്നു. കേന്ദ്രപെട്രോളിയം മന്ത്രിയും എണ്ണക്കമ്പനി മേധാവികളും പമ്പുടമകളുടെ അസോസിയേഷനും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരത്തില്‍ നിന്നും പിന്മാറിയത്. ചര്‍ച്ചയെത്തുടര്‍ന്ന് അര്‍ധരാത്രിയ്ക്ക് പകരം, വില പരിഷ്‌കരിക്കുന്നത് രാവിലെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

ഇന്ധനവില ദിനം പ്രതി പരിഷ്കരിക്കുമ്പോള്‍, ഇന്ധന വില സുതാര്യമായിരിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളാമെന്ന് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും, വിവിധ കമ്പനികളുടെ ഇന്ധന വിലയിലെ വ്യത്യാസം മൂലം പമ്പുകളില്‍ സംഘര്‍ഷത്തിന് കാരണമാകുന്നുവെന്നുമാണ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top