“ഉള്ളവരുടെയും ഇല്ലാത്തവരുടെയും കഥയാണിത്, കടം ഉള്ളവരുടേയും കാശ് ഇല്ലാത്തവരുടേയും”, കടം കഥയുടെ ട്രെയിലര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

ട്രെയിലറില്‍നിന്നുള്ള ദൃശ്യം

ആവശ്യത്തിന് പണമില്ലാതെ ജീവിത സാഹചര്യങ്ങളോട് പൊരുതുന്ന യുവാക്കളുടെ ജീവിതങ്ങള്‍ 80കളില്‍ നാം ധാരാളം കണ്ടിട്ടുണ്ട്. തമാശയില്‍ ചാലിച്ച് ജീവിതം പറഞ്ഞ അത്തരം ചിത്രങ്ങളെ കുറച്ചൊന്നുമല്ല മലയാളി സ്വീകരിച്ചത്. സത്യന്‍ അന്തിക്കാട്‌-മോഹന്‍ലാല്‍-ശ്രീനിവാസന്‍ ചിത്രങ്ങളുടെ കഥാതന്തു മിക്കവാറും ഈ പ്രശ്‌നങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ഇതേ രീതിയില്‍ രസകരമായി കഥപറയുന്ന ചിത്രങ്ങള്‍ കുറയുകയുണ്ടായി. എന്നാലിപ്പോഴിതാ സെന്തില്‍ രാജനും കൂട്ടരും ഒരു മികച്ച സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നു.

ഉള്ളവരുടേയും ഇല്ലാത്തവരുടേയും കഥയാണിത്. കടം ഉള്ളവരുടേയും കാശ് ഇല്ലാത്തവരുടേയും കഥ, അധവാ കടം കഥ. വിനയ്‌ഫോര്‍ട്ടും ജോജു ജോര്‍ജ്ജും ഗിരി, ക്ലീറ്റസ് എന്നീ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കടം കഥയുടെ ട്രെയിലര്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. ഇരുവരുടേയും നിരവധി നര്‍മ മുഹൂര്‍ത്തങ്ങള്‍ ട്രെയിലറില്‍ത്തന്നെയുണ്ട്. സൈജു കുറുപ്പും രഞ്ജി പണിക്കരും റോഷന്‍ മാത്യുവും ചിത്രത്തിലുണ്ട്, ഒപ്പം നിരവധി മികച്ച ഹാസ്യ താരങ്ങളും. പുതുമുഖമായ വീണ നന്ദകുമാറാണ് ചിത്രത്തിലെ നായിക. ജീന എന്ന മെഡിസിന്‍ വിദ്യാര്‍ത്ഥിനിയെയാണ് വീണ അവതരിപ്പിക്കുക.

ഫിലിപ് സിജി എഴുതി സെന്തില്‍ രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സാദിഖ് അലിയാണ്. ലിബാസ് സാദിഖാണ് സഹ നിര്‍മാതാവ്. ഫൈസല്‍ അലി ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍ ചിത്രസംയോജനം നിര്‍വഹിക്കുന്നത് സൂരജ് ഇഎസ്സാണ്. കൈതപ്രവും സന്തോഷ് വര്‍മയും മനു മഞ്ജിത്തും എഴുതിയ വരികള്‍ക്ക് ദീപാങ്കുരന്‍ സംഗീതം പകരുന്നു. ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top