നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രിം കോടതി

ദില്ലി: ജിഷ്ണു പ്രണോയ് കേസില്‍ മുഖ്യപ്രതിസ്ഥാനത്ത് നില്‍ക്കുന്ന നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രിം കോടതി. കൃഷ്ണദാസ് കോയമ്പത്തൂരില്‍ തന്നെ തങ്ങണമെന്ന് കോടതി ഉത്തരവിട്ടു. ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്തലി കേസുകളിലെ സര്‍ക്കാര്‍ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

തന്നെ പാലക്കാട് താമസിക്കാന്‍ അനുവദിക്കണമെന്ന കൃഷ്ണദാസിന്റെ ആവശ്യം കോടതി തള്ളി. കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്നും കോയമ്പത്തൂര്‍ വിട്ടുപോകാന്‍ പാടില്ലെന്നുമാണ് സുപ്രിം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അന്വേഷണസംഘം ആവശ്യപ്പെടാതെ കേരളത്തില്‍ പ്രവേശിക്കരുതെന്നുംചോദ്യം ചെയ്യലിനോ കേസുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കോ എത്താമെന്നും കോടതി വ്യക്തമാക്കി.

സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറലാണ് കോടതിയില്‍ ഹാജരായത്. കൃഷ്ണദാസിനെതിരായ രണ്ട് കേസുകളും വളരെ ഗൗരവമുള്ളതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. കേസ് സര്‍ക്കാര്‍ സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണം. സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

അതേസമയം ജിഷ്ണു കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ഷഹീര്‍ ഷൗക്കത്തലി കേസില്‍ കൃഷ്ണദാസിനും നെഹ്‌റു കോളെജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍ ശക്തിവേലിനും ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ ഉത്തരവ്. ജിഷ്ണു പ്രണോയ് കേസ് സിബിഐ ഏറ്റെടുക്കുന്നത് വരെ അന്വേഷണച്ചുമതല തങ്ങള്‍ക്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ കൃഷ്ണദാസിന്റെ കേരളത്തിലേക്കുള്ള വരവിനെ എതിര്‍ത്തത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

കോയമ്പത്തൂര്‍ വളരെ മനോഹരമായ സ്ഥലമാണ്. കൃഷ്ണദാസിനോട് അവിടെ താമസിക്കാന്‍ പറയൂ എന്ന് ജസ്റ്റിസ് എന്‍വി രമണ കൃഷ്ണദാസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരിയോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കുട്ടികള്‍ പാലാക്കാട്ടാണ് പഠിക്കുന്നത് എന്ന് അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അദ്ദേഹത്തിന്റെ കുട്ടികള്‍ മാത്രമാണ് പഠിക്കുന്നത്, അദ്ദേഹമല്ലല്ലോ എന്ന് ജസ്റ്റിസ് രമണ പ്രതികരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top