“പനി പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം; ആരോഗ്യമന്ത്രി രാജിവെക്കണം”: രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന പനി പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഇതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പനിമരണങ്ങളുടെ കാരണം വിദഗ്ധ സമിതിയെ വെച്ച് അന്വേഷിപ്പിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

“പനി പടര്‍ന്ന് പിടിക്കുമ്പോള്‍ അത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. മുഖ്യമന്ത്രിയും സര്‍വ്വകക്ഷി യോഗവും എടുത്ത തീരുമാനങ്ങളൊന്നും നടപ്പിലായില്ല. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി കെകെ ശൈലജ രാജിവെക്കണം”. ചെന്നിത്തല അഭിപ്രായപ്പെട്ടു. നിലവില്‍ ഏതെല്ലാം തരത്തിലുള്ള പനികളുണ്ട്, ഏതെല്ലാം വൈറസുകളുണ്ട്, ഇവയുടെ സ്വഭാവത്തില്‍ മാറ്റംവരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ അന്വേഷിക്കേണ്ടതാണെന്നും ഇതുസംബന്ധിച്ച് കേന്ദ്രആരോഗ്യമന്ത്രിക്ക് കത്തെഴുതുമെന്നും ചെന്നിത്തല പറഞ്ഞു.

ജനുവരിയില്‍ ആരംഭിക്കേണ്ടിയിരുന്ന മഴക്കാലപൂര്‍വ്വ ശുചീകരണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതുവരെ 200 ഓളം പേര്‍ പനിബാധിച്ച് മരിച്ചു. ആയിരക്കണക്കിന് രോഗികള്‍ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുന്നു. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇതിനെ ലാഘവത്തോടെയാണ് കാണുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല കുറ്റപ്പെടുത്തി.

പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായുള്ള മൂന്ന് ദിവസത്തെ സംസ്ഥാനതല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ച ദിനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം വന്നിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top