ഹാലെ ഓപ്പണില്‍ ഒമ്പതാം തവണയും കിരീടം ചൂടി ഫെഡറര്‍

ഹാലെ: ഹാലെ ഓപ്പണ്‍ ടെന്നീസില്‍ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ മുത്തമിട്ടു. ഇന്നലെ നടന്ന ഫൈനലില്‍ റഷ്യയുടെ അലക്‌സാണ്ടര്‍ സവറേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തായിരുന്നു ഫെഡററുടെ കിരീടവിജയം. സ്‌കോര്‍ 6-1, 6-3.

ഇത് ഒമ്പതാം തവണയാണ് ഫെഡറര്‍ ഹാലെ ഓപ്പണില്‍ കിരീടം ചൂടുന്നത്. ഇതോടെ ഓപ്പണ്‍ യുഗത്തില്‍ ഒരു കിരീടം എട്ടില്‍ കൂടുതല്‍ തവണ നേടുന്ന രണ്ടാമത്തെ താരമെന്ന ബഹുമതിയും ഫെഡറര്‍ സ്വന്തമാക്കി. സ്‌പെയിനിന്റെ റഫേല്‍ നദാല്‍ മോണ്ടി കാര്‍ലൊ, ബാഴ്‌സലോണ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ 10 തവണ വീതം നേടിയിട്ടുണ്ട്. കരിയറിലെ 92 ആം സിംഗിള്‍ കിരീടവും സീസണിലെ നാലാം കിരീടവുമാണ് ഫെഡെക്‌സ് ഹാലെയില്‍ സ്വന്തമാക്കിയത്. നേരത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ബിഎന്‍പി പാരിബാസ് ഓപ്പണ്‍, മിയാമി ഓപ്പണ്‍ കിരീടങ്ങളും ഫെഡറര്‍ സ്വന്തമാക്കിയിരുന്നു.

പുല്‍ക്കോര്‍ട്ടിലെ കിരീട വിജയത്തോടെ അടുത്ത ആഴ്ച ആരംഭിക്കുന്ന വിംബിള്‍ഡണിന് പൂര്‍ണ സജ്ജനാണ് താനെന്ന് തെളിയിക്കാനും സ്വിസ് താരത്തിനായി. ജൂലൈ മൂന്ന് മുതല്‍ 17 വരെയാണ് വിംബിള്‍ഡണ്‍ നടക്കുന്നത്. ഇവിടെ എട്ടാം കിരീടമാണ് ഫെഡറര്‍ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ തവണ ഹാലെയില്‍ ഫെഡററെ സെമിയില്‍ അട്ടിമറിച്ചതിന്റെ ഖ്യാതിയുമായിട്ടായിരുന്നു സെവറേവ് ഫൈനലിന് ഇറങ്ങിയത്. എന്നാല്‍ ഒന്ന് പിടിച്ച് നില്‍ക്കാന്‍ പോലും റഷ്യന്‍ താരത്തിന് കഴിഞ്ഞില്ല. ആദ്യ സെറ്റ് 6-1 സ്വന്തമാക്കിയ ഫെഡറര്‍ രണ്ടാം സെറ്റില്‍ മൂന്ന് ഗെയിമുകള്‍ മാത്രമാണ് വിട്ടുകൊടുത്തത്.

മത്സരത്തിന്റെ പ്രസക്തഭാഗങ്ങള്‍:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top