രഘുവരന്‍ ഈസ് ബാക്ക്: വേലയില്ല പട്ടതാരി 2ന്റെ ട്രെയിലര്‍ പുറത്ത്‌

കജോള്‍, ധനുഷ്, അമല പോള്‍

ധനുഷിനെ നായകനാക്കി സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന വേലയില്ല പട്ടതാരി 2ന്റെ ട്രെയിലര്‍ പുറത്ത്. ആദ്യ പതിപ്പായ വേലയില്ല പട്ടതാരി ഇറങ്ങിയതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിങ്ങിന് ഒരുങ്ങുന്നത്. സിവില്‍ എന്‍ജിനിയറിംഗ് പഠനത്തിന് ശേഷം തൊഴിലന്വേഷിക്കുന്ന രഘുവരന്‍ എന്ന യുവാവിന്റെ കഥയായിരുന്നു വേലയില്ല പട്ടധാരിയുടേത്. സമാന പ്രമേയമാണ് രണ്ടാം ഭാഗത്തുമെന്നുമാണ് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്.

ബോളിവുഡ് താരം കജോള്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിന്റെ രണ്ടാം പതിപ്പിനുണ്ട്. അമല പോള്‍, ശരണ്യ പൊന്‍വന്നം, സമുദ്രകനി, വിവേക് എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. മലയാളി സംവിധായകനും, ഛായാഗ്രാഹകനുമാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പവര്‍ പാണ്ടി എന്ന ധനുഷ് ചിത്രത്തിലൂടെ ശ്രദ്ധേയമായ സംഗീത സംവിധായകന്‍ സീന്‍ റോള്‍ഡനാണ് സംഗീതം.

ധനുഷ് തന്നെയാണ് ചിത്രത്തിന്റെ കഥയും, സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. കലൈപുള്ളി എസ് തനുവിന്റെ വി ക്രിയേഷന്‍സും, ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും ചേര്‍ന്നാണ് വിഐപി 2 നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് പതിപ്പുകളും ജൂലൈ 28ന് തിയേറ്ററുകളിലെത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top