“ഇന്റര്‍കോഴ്‌സ്” എന്ന വാക്ക് സിനിമയില്‍ ഉള്‍പ്പെടുത്താന്‍ അഭിപ്രായ വോട്ടെടുപ്പില്‍ ഒരു ലക്ഷം ആളുകളുടെ സമ്മതം കൊണ്ടു വരൂ: ഷാറൂഖ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്റെ നിര്‍ദ്ദേശം

ടീസറിലെ രംഗം,പഹലജ് നിഹ്‌ലാനി

ദില്ലി: ഷാറൂഖ് ഖാനെ നായകനാക്കി ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ജബ് ഹാരി മെറ്റ് സേജല്‍ എന്ന സിനിമയില്‍ “ഇന്റര്‍കോഴ്‌സ്” (ലൈംഗിക ബന്ധം) എന്ന വാക്ക് ഉപയോഗിക്കുന്നതില്‍ വിലക്കേര്‍പെടുത്തി വിവാദത്തിലായ സെന്‍സര്‍ ബോര്‍ഡ് പുതിയ വെല്ലുവിളിയുമായി രംഗത്ത്. അഭിപ്രായ വോട്ടെടുപ്പില്‍ പ്രസ്തുത വാക്ക് (ഇന്റര്‍കോഴ്‌സ്) ഉപയോഗിക്കാന്‍ ഒരു ലക്ഷം ആളുകള്‍ അനുകൂലിക്കുകയാണെങ്കില്‍ സിനിമയില്‍ ഈ രംഗം അതേ പടി പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നല്‍കാമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹലജ് നിഹ്‌ലാനിയുടെ നിർദ്ദേശം.

ചിത്രത്തിന്റെ രണ്ടാമത് മിനി ട്രെയിലറായ ഇന്‍ഡമിനിറ്റി ബോണ്ടിലാണ് അനുഷ്‌ക ശര്‍മ്മ അവതരിപ്പിക്കുന്ന കഥാപാത്രം ഷാറൂഖ് ഖാനുമായുള്ള സംഭാഷണത്തില്‍ ഇന്റര്‍കോഴ്‌സ് എന്ന വാക്ക് ഉപയോഗിക്കുന്നത്. ട്രെയിലര്‍ ടിവി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഈ വാക്ക് നീക്കം ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഒരു ലക്ഷം ആളുകള്‍ ഇന്റര്‍കോഴ്‌സ് എന്ന വാക്ക് ഉപയോഗിക്കാന്‍ സമ്മതം മൂളുകയാണെങ്കില്‍ അനുമതി നല്‍കാമെന്ന് നിഹ്‌ലാനി മിറര്‍ നൗ എന്ന ചാനലിന് നല്‍കി അഭിമുഖത്തില്‍ ഉറപ്പ് നല്‍കി.

വോട്ടിംഗിലൂടെ ലോകത്തിനും, ഇന്ത്യയ്ക്കും കാര്യമായ പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ടോയെന്നും, കുട്ടികള്‍ ഈ വാക്കിന്റെ അര്‍ത്ഥം മനസിലാക്കണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നും വ്യക്തമാക്കുമെന്നും അദ്ദേഹം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജൂണ്‍ പതിനെട്ടിനാണ് ചിത്രത്തിന്റെ രണ്ടാമത് ടീസറായ ഇന്‍ഡമിനെറ്റി ബോണ്ട് പുറത്തിറങ്ങിയത്. ഓഗസ്റ്റ് 4ിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top