ഹാലെ ഓപ്പണ്‍ ടെന്നീസ്: ഫെഡറര്‍-സവറേവ് ഫൈനല്‍

സ്റ്റുട്ഗര്‍ട്ട്: ഹാലെ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സ്വിറ്റ്‌സര്‍ലന്റിന്റെ റോജര്‍ ഫെഡററും ജര്‍മനിയുടെ അലക്‌സാണ്ടര്‍ സവറേവും ഏറ്റുമുട്ടും. സെമിയില്‍ ഫെഡറര്‍ റഷ്യയുടെ കരേണ്‍ കചനോവിനേയും സവറേവ് ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്‌ക്വെയെയും പരാജയപ്പെടുത്തി.

ഹാലെയില്‍ ഒമ്പതാം കിരീടം ലക്ഷ്യമിടുന്ന ഫെഡറര്‍ കടുത്ത പോരാട്ടത്തിന് ശേഷമാണ് ഫൈനലിലെത്തിയത്. സ്‌കോര്‍ 6-4, 7-6(5). രണ്ടാം സെറ്റില്‍ കചനേവ് മികച്ച പോരാട്ടമാണ് ഫെഡറര്‍ക്കെതിരെ നടത്തിയത്. അലക്‌സാണ്ടര്‍ സവറേവിന്റെ സഹോദരന്‍ മിഷേല്‍ സവറേവിനെയും നിലവിലെ ചാമ്പ്യന്‍ ഫ്‌ലോറിന്‍ മേയറെയും മറികടന്നാണ് ഫെഡറര്‍ സെമിയിലേക്ക് മുന്നേറിയത്.

റിച്ചാര്‍ഡ് ഗാസ്‌ക്വെയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് മറികടന്നാണ് സവറേവ് ഫൈനലിലെത്തിയത്. സ്‌കോര്‍ 4-6, 6-4, 6-3.

കഴിഞ്ഞ തവണ ഇവിടെ സെമി ഫൈനലില്‍ ഫെഡററെ അട്ടിമറിച്ച താരമാണ് സവറേവ്. അന്ന് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു സവറേവിന്റെ വിജയം (7-6, 5-7, 6-3). ഇതുവരെ നടന്ന രണ്ട് മത്സരങ്ങളില്‍ ഇരുതാരങ്ങളും ഓരോ വിജയം സ്വന്തമാക്കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top