നരേന്ദ്രമോദിയുടെ ജീവിതവും സിനിമയാകുന്നു: വെള്ളിത്തിരയില്‍ മോദിയാകാന്‍ അക്ഷയ് കുമാര്‍

ഫയല്‍ചിത്രം

ദില്ലി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ജീവിതം സിനിമയാകുന്നുവെന്ന വാര്‍ത്ത വന്നതിന് തൊട്ടുപുറകെ നരേന്ദ്രമോദിയുടെ ജീവിതവും സിനിമക്കാധാരമാകുന്നു. ബോളിവുഡിലെ ആക്ഷന്‍ നായകന്‍ അക്ഷയ് കുമാറാണ് ചിത്രത്തില്‍ നരേന്ദ്രമോദിയായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അക്ഷയ് കുമാറിനൊപ്പം താരങ്ങളായ പരേഷ് അഗര്‍വാള്‍, അനുപേം ഖേര്‍, വിക്ടര്‍ ബാനര്‍ജി, എന്നിവരും ചിത്രവുമായി സഹകരിക്കുമെന്നും ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ചിത്രത്തെ പറ്റി മറ്റു വിവരങ്ങള്‍ ലഭ്യമല്ല.

ചിത്രത്തെ സംബന്ധിച്ച് പാര്‍ട്ടി വൃത്തങ്ങളും പ്രതികരിച്ചിട്ടുണ്ട്. അക്ഷയ് കുമാര്‍ ഇന്ത്യയുടെ മിസ്റ്റര്‍ ക്ലീന്‍ ആണ്. അതിനാല്‍ തന്നെ പ്രധാനമന്ത്രിയുടെ വേഷം ചെയ്യാന്‍ ഏറ്റവും  അനുയോജ്യന്‍ അദ്ദേഹം തന്നെയായിരിക്കുമെന്ന്‌ നടനും ബിജെപി നേതാവുമായ ശത്രുഘ്‌നന്‍സിന്‍ഹ ചിത്രവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നു. അക്ഷയ് കുമാറിനെക്കാള്‍ മികച്ച രീതിയില്‍ നരേന്ദ്രമോദിയെ അവതരിപ്പിക്കാന്‍ മറ്റൊരു താരത്തിനും കഴിയില്ലെന്നായിരുന്നു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പഹ്‌ലജ് നിഹ്‌ലാനിയുടെ പ്രതികരണം.

റസ്തം എന്ന ചിത്രത്തിലെ അഭിനയത്തിന് ഈ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം അക്ഷയ് കുമാറിനായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പല പരിപാടികളിലും അക്ഷയ് കുമാര്‍ പങ്കാളിയാകാറുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ടോയ്‌ലറ്റ് ഏക് പ്രേം കഥയുടെ പ്രമേയം ശൗചാലയമാണ്. ചിത്രത്തിന്റെ ട്രൈലറിനെ പ്രശംസിച്ച് നരേന്ദ്രമോദിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. സ്വച്ഛ് ഭാരത് പ്രചരണത്തിനുള്ള മികച്ച തുടക്കമാണിതെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു. ചിത്രം ആഗസ്റ്റില്‍ തിയ്യറ്ററുകളിലെത്തും.

മുന്‍  പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ജീവിതവും സിനിമയാകാന്‍ തയ്യാറെടുക്കുകയാണ്.സഞ്ജയ് ബാറുവിന്റെ വിവാദ പുസ്തകം ‘ ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്‌റര്‍ : ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ്ങ് ‘ സിനിമയാക്കുന്നത്. ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹനായി വേഷമിടുക ബോളിവുഡ് നടനായ അനുപം ഖേര്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top