ബാഹുബലിയെ കാണാന്‍ ബന്ദവ്ഗര്‍ഹ് കടുവാ സങ്കേതത്തില്‍ എത്തിയാല്‍ മതി; 3 മാസം കൊണ്ട് ഈ ബാഹുബലി നടന്നത് 125 കിലോമീറ്റര്‍

ബാഹുബലി 2 കടുവ (കടപ്പാട്-മിഡ്‌വേ.കോം)

മുംബൈ: ബന്ദവ്ഗര്‍ഹ് കടുവാ സങ്കേതത്തില്‍ എത്തുന്ന എല്ലാവരുടേയും ആകര്‍ഷണം ബാഹുബലി 2 ആണ്. സിനിമയിലെ ബാഹുബലിയല്ല ഇത്, 3 വയസ് പ്രായമുള്ള കടുവയാണ് കഥയിലെ താരം. എന്തുകൊണ്ടാണ് കടുവയ്ക്ക് ബാഹുബലി എന്ന് പേരിട്ടതെന്നു ചോദിച്ചപ്പോള്‍ അധികൃതര്‍ പറഞ്ഞത് ഇങ്ങനെ.  ‘കുറച്ചുനാളുകള്‍ക്ക്  മുന്‍പ്  ബാഹുബലി 1 എന്നൊരു കടുവ ഇവിടെ ഉണ്ടായിരുന്നു. അത് ചത്തപ്പോള്‍, അതിന്റെ  തുടര്‍ച്ചയായി ഈ കടുവയ്ക്ക് ബാഹുബലി 2 എന്ന് പേര് നല്‍കുകയായിരുന്നു’.

2014 ഫെബ്രുവരിയില്‍ മധ്യപ്രദേശിലെ പന്ന കടുവാ സങ്കേതത്തില്‍ നിന്നും രക്ഷപ്പെട്ട കടുവയെ പിന്നീട് രേവാ എന്ന  സ്ഥലത്തുനിന്നും കണ്ടെത്തുകയായിരുന്നു. ഇതിനെ സഞ്ജയ് കടുവ സങ്കേതത്തിലേക്ക് മാസങ്ങള്‍ക്കം തുറന്നുവിട്ടു. ഇതിന് ബാഹുബലി 1  എന്ന പേരും നല്‍കി.  എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം മറ്റൊരു കടുവയുമായുണ്ടായ ഏറ്റുമുട്ടലില്‍ ബാഹുബലി 1 ചത്തു.

പന്ന കടുവാ സംരക്ഷണ കേന്ദ്രത്തില്‍നിന്നും 125 കാലോമീറ്റര്‍,  മൂന്ന് മുതല്‍ അഞ്ച് മാസം വരെ കാല്‍നടയായി സഞ്ചരിച്ചാണ് ബന്ദവ്ഗര്‍ഹ് കടുവാ സങ്കേതത്തില്‍ എത്തുന്നത്. പുതിയൊരു കടുവയെ ബന്ദവ്ഗര്‍ഹ് കടുവാ സങ്കേതത്തില്‍ കണ്ടതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇത് പന്ന കടുവാ സങ്കേതത്തിലെ പി 213 എന്ന കടുവയാണെന്ന് മനസിലായത്. ആദ്യ കടുവയ്ക്ക് ബാഹുബലി 1 എന്ന് പേരിടാന്‍ കാരണം അതിന്റെ വലിപ്പമാണെങ്കില്‍ രണ്ടാമത്തെ കടുവയ്ക്ക് അതിന്റെ ബലത്തിന്റെ പേരിലാണ് പേര് നല്‍കിയതെന്നും കടുവാ സംരക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

മധ്യപ്രദേശ് ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ആര്‍ ശ്രീനിവാസമൂര്‍ത്തിയും വന്യജീവി ഫോട്ടോഗ്രാഫര്‍മാരും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ബാഹുബലി 2നെ കണ്ടെത്തിയത്. പന്ന കടുവ സങ്കേതത്തില്‍ എടുത്ത ഫോട്ടോകളിലെയും ഇപ്പോള്‍ എടുത്ത ഫോട്ടോകളിലെയും കടുവകളുടെ ശരീരത്തിലെ വരകളുടെ സവിശേഷകള്‍ താരതമ്യം ചെയ്താണ് കടുവ ഒന്നുതന്നെയാണെന്ന് വിലയിരുത്തിയത്. ഇതു സംബന്ധിച്ച് ഐഡന്റിഫിക്കേഷന്‍ ഓഫ് ബന്ദവ്ഗര്‍ഹ് ടൈഗര്‍ എന്ന പേരിലൊരു റിപ്പോര്‍ട്ട് 2017 ജൂണില്‍ ശ്രീനിവാസ് തയ്യാറാക്കിയിരുന്നു.

പന്ന കടുവ സങ്കേതത്തില്‍ 2014 മെയിലാണ് കടുവ ജനിച്ചത്. 2016 അവസാനത്തോടെ യാത്ര തിരിച്ചാണ് ഈ വര്‍ഷം ബന്ദവ്ഗര്‍ഹ് കടുവാ സങ്കേതത്തില്‍ എത്തിയത്. വനംവകുപ്പ് വന്യജീവുകള്‍ക്കായി സഞ്ചാരപാത ഒരുക്കണമെന്നാണ് ബാഹുബലിയുടെ യാത്ര സൂചിപ്പിക്കുന്നതെന്നും ശ്രീനിവാസ് അഭിപ്രായപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top