രാഷ്ട്രപതി സ്ഥാനാര്‍ത്ഥി: രാംനാഥ് കോവിന്ദ് സ്വീകാര്യനല്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷം

ദില്ലി: ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനോട് പ്രതിപത്തിയില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. എന്‍ഡിഎ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നെന്നും ഇനി സമവായത്തിന് പ്രസക്തിയില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ അഭിപ്രായപ്പെട്ടു. അതേസമയം, രാംനാഥിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമതീരുമാനം എടുക്കും മുന്‍പ് പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച ചെയ്യുമെന്ന് ബിജെപി നേരത്തെ സൂചന നല്‍കിയിരുന്നതായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. “സ്വന്തമായി തീരുമാനമെടുത്ത ശേഷം അവര്‍ അത് പ്രഖ്യാപിക്കുകയായിരുന്നു. അതിനര്‍ത്ഥം അത് അവരുടെ മാത്രം തീരുമാനമാണെന്നാണ്. ഇനി ചര്‍ച്ച നടത്തിയിട്ട് എന്ത് കാര്യം”. ആസാദ് ചോദിച്ചു.

പ്രതിപക്ഷ കക്ഷികള്‍ 22 ന് യോഗം ചേരുമെന്നും അന്ന് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്ഭവനിലെത്ത് രാംനാഥിനെ കണ്ടു. ഇത് തനിക്ക് വ്യക്തിപരമായി സന്തോഷം നല്‍കുന്നതാണെന്നും എന്നാല്‍ പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഇപ്പോള്‍ എന്തെങ്കിലും പറയുന്നത് അനവസരത്തിലാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

ഇതിലും മികച്ച ദലിത് നേതാക്കള്‍ രാജ്യത്തുണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. അദ്ദേഹം ബിജെപിയുടെ ദലിത് മോര്‍ച്ചയുടെ നേതാവായതിനാലാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. അദ്ദേഹംദലിതനാണ് എന്നതിനെ പോസിറ്റീവായാണ് കാണുന്നതെന്നും പ്രതിപക്ഷം അനുയോജ്യമായ ഒരു ദലിത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കില്‍ മാത്രമേ പിന്തുണയ്ക്കുകയുള്ളൂവെന്നും ബിഎസ്പി നേതാവ് മായാവതി പറഞ്ഞു. രാഷ്ട്രീയത്തിന് അതീതനായ ഒരു ദലിത് നേതാവിനെ ബിജെപി പ്രഖ്യാപിച്ചിരുന്നെങ്കില്‍ അത് നല്ലതാകുമായിരുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ച് തെലുങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസ് രംഗത്തെത്തി. മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ കെ ചന്ദ്രശഖര്‍ റാവുവാണ് പിന്തുണ പ്രഖ്യാപിച്ചത്. ദലിതനായതിനാലാണ് പിന്തുണയെന്ന് അദ്ദേഹം വ്യക്തമാക്കി. തൊട്ടുപിന്നാലെ വൈഎസ്ആര്‍ കോണ്‍ഗ്രസും രാംനാഥിന് പിന്തുണ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയിലെ രണ്ട് വിഭാഗവും രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചു.

രാംനാഥിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് അമിത് ഷാ ഉദ്ധവ് താക്കറയെ അറിയിച്ചിട്ടുണ്ടെന്നും പിന്തുണ സംബന്ധിച്ച തീരുമാനം ഏതാനും ദിവസങ്ങള്‍ക്കകം കൈക്കൊള്ളുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top