ഡാര്‍ജിലിങ് പുകയുമ്പോള്‍ മമത നെതര്‍ലന്‍ഡ്സിലേക്ക്; യാത്ര യുഎന്നിന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍

മമത ബാനര്‍ജി

കൊല്‍ക്കത്ത: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നെതര്‍ലന്‍ഡ്‌സിലേക്ക്. ഐക്യരാഷ്ട്രസഭയുടെ ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് മമത നെതര്‍ലന്‍ഡ്‌സിലേക്ക് പോകുന്നത്. ഗൂര്‍ഖാ ലാന്‍ഡ് പ്രക്ഷോഭത്തെ തുടര്‍ന്ന് ഡാര്‍ജിലിങ് പുകയവെയാണ് മുഖ്യമന്ത്രി വിദേശയാത്ര നടത്തുന്നത്.

തന്റെ അസാന്നിധ്യം വിഷയമല്ലെന്നും മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ ഡാര്‍ജിലിങിന്റെ ഉത്തരവാദിത്വം നോക്കുമെന്നും മമത കൊല്‍ക്കത്തയില്‍ അഭിപ്രായപ്പെട്ടു.

ജൂണ്‍ 12 ന് ഗൂര്‍ഖ ജന്മുക്തി മോര്‍ച്ച ആഹ്വാനം ചെയ്ത ബന്ദോടുകൂടിയാണ് കിഴക്കന്‍ പ്രദേശങ്ങളിലെ സമാധാനാന്തരീക്ഷം താറുമാറായത്. പാര്‍ട്ടി മീഡിയ മാനേജര്‍ വിക്രം റായിയെ അര്‍ധരാത്രിയില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ധര്‍ണ്ണയും അങ്ങിങ്ങായി ആക്രമണങ്ങളും നടന്നു. ഡാര്‍ജിലിങ് എംഎല്‍എ അമര്‍ റായിയുടെ മകനാണ് വിക്രം റായ്. തുടര്‍ന്ന് ജൂണ്‍ 17ന് ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയന്‍ ഉദ്യോഗസ്ഥനെ കുത്തി പരുക്കേല്‍പ്പിച്ച സംഭവവും വിവാദമായിരുന്നു.

ജൂണ്‍ 22, 23 തീയതികളില്‍ നടക്കുന്ന യുഎന്‍ പബ്ലിക് സര്‍വ്വീസ് ദിനത്തിന്റെ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിനായാണ് മമത നെതര്‍ലന്‍ഡ്‌സില്‍ എത്തുന്നത്. നെതര്‍ലെന്‍ഡ്‌സിന്റെ തലസ്ഥാനമാ ഹേഗിലാണ് പരിപാടി നടക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ മുഖ്യമന്ത്രി ഈ ചടങ്ങില്‍ ക്ഷണിക്കപ്പെടുന്നതും പങ്കെടുക്കുന്നതും.

ഗൂര്‍ഖ ജന്മുക്തി മോര്‍ച്ച തലവനായ ബിമല്‍ ഗുരുങിന്റെ വലംകൈയ്യായ വിനയ് തമങ്, പൊലീസ് വെടിവെപ്പില്‍ രണ്ട് പാര്‍ട്ടി അനുയായികള്‍ കൊല്ലപ്പെട്ടതായി ആരോപിച്ചത് വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടടിക്കുകയാണ്. എന്നാല്‍ അത്തരത്തില്‍ വെടിവെയ്പുണ്ടായിട്ടില്ലെന്ന് പശ്ചിമ ബംഗാള്‍ എഡിജി അനുജ് ശര്‍മ്മ അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top