“ഞങ്ങളെ ജയിലിലടയ്ക്കൂ, പക്ഷേ പിന്മാറുമെന്നോര്‍ക്കേണ്ട”, ജാമ്യം വേണ്ടെന്ന് പുതുവൈപ്പിന്‍ സമരക്കാര്‍; കോടതിയില്‍ നാടകീയ രംഗങ്ങള്‍

പുതുവൈപ്പിനിലെ സമരത്തിനിടെ അറസ്റ്റിലായവരെ ഹാജരാക്കിയ ഞാറയ്ക്കല്‍ കോടയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ജാമ്യം അനുവദിക്കുന്നുവെന്ന് കോടതി ആവര്‍ത്തിച്ച് അറിയിച്ചിട്ടും സമരക്കാര്‍ തങ്ങള്‍ക്ക് ലഭിച്ച ജാമ്യം നിഷേധിച്ചു. റിമാന്‍ഡില്‍ വിട്ടാല്‍ മതി എന്നും അവര്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ റിമാന്‍ഡ് ചെയ്യാന്‍തക്ക കുറ്റം സമരക്കാര്‍ ചെയ്തിട്ടില്ല എന്ന് വീണ്ടും വ്യക്തമാക്കിയ കോടതി പിഴയൊടുക്കിയാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്നും അറിയിച്ചു. എന്നാല്‍ സമരക്കാര്‍ വഴങ്ങാന്‍ തയാറായില്ല. റിമാന്‍ഡ് ചെയ്താല്‍ മതി എന്ന ആവശ്യത്തില്‍നിന്ന് അവര്‍ പിന്നോട്ടുപോയില്ല.

ഇതോടെ സമരക്കാര്‍ അഞ്ചുമിനിട്ടിനകം കോടതിയില്‍നിന്ന് പുറത്തുപോകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇത് കോടതി സൂപ്രണ്ട് ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പൊലീസ് കസ്റ്റഡിയിലുണ്ടായ പീഡനങ്ങളേക്കുറിച്ചും സമരക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

പൊലീസിന്റെ ഇടപെടല്‍ കാരണം നാട്ടില്‍ ജീവിക്കാനാകുന്നില്ല എന്നതുള്‍പ്പെടെ നിരവധി ഗൗരവകരമായ ആരോപണങ്ങളാണ് സ്ത്രീകള്‍ കോടതിയില്‍ പറഞ്ഞത്. പൊലീസ് കസ്റ്റഡിയില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും സാഹചര്യമൊരുക്കിയില്ല. കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദനമേറ്റു. സമരക്കാര്‍ പറഞ്ഞു.

നൂറിലേറ സമരക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. വീണ്ടും സമരപ്പന്തലിലേക്ക് പോകുമെന്ന് സമരക്കാര്‍ വ്യക്തമാക്കി. കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തേത്തുടര്‍ന്ന് എതിര്‍പ്പ് കൂടുതല്‍ പ്രകടിപ്പിക്കാതെ സമരക്കാര്‍ പുറത്തിറങ്ങുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top