കേരളത്തിലും ഒരു ”ഗാസ”; കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി

തുരുത്തിയില്‍ ഉയര്‍ന്ന ബോര്‍ഡ്‌

കാസര്‍ഗോഡ്: കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയിലെ തുരുത്തി വാര്‍ഡില്‍ ”ഗാസ സ്ട്രീറ്റ്” ഉയര്‍ന്നതിനെ കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോയും(ഐബി) ദേശീയ അന്വേഷണ ഏജന്‍സിയും(എന്‍ഐഎ) അന്വേഷണം തുടങ്ങി. പലസ്തീന്‍ തര്‍ക്കത്തിലെ വിവാദ വിഷയമായ ഇസ്രായേല്‍, ഈജിപ്ത് അതിര്‍ത്തിയിലെ വിവാദ മുനമ്പായ ഗാസയുടെ ബോര്‍ഡ് അടുത്തിടെയാണ് തുരുത്തി വാര്‍ഡില്‍ ഉയര്‍ന്നത്.

സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള ദേശവിരുദ്ധശക്തികളുടെ ഇടപെടലുണ്ടോയെന്നാണ് ഏജന്‍സികള്‍ അന്വേഷിക്കുന്നത്. തുരുത്തിയുടെ സമീപപ്രദേശമായ പടന്നയില്‍ നിന്നുള്ള ഒരു സംഘം യുവാക്കള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍(ഐഎസ്) ചേരാനായി അഫ്ഗാനിസ്താനില്‍ എത്തിയതായി സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് വിഷയത്തില്‍ പ്രത്യേക ശ്രദ്ധ പതിഞ്ഞിരിക്കുന്നത്. 21 പേരെയാണ് പടന്നയില്‍ നിന്ന് ദുരുഹമായി കാണാതായിരിക്കുന്നത്.

തുരുത്തി ജുമാ മസ്ജിദിലേക്കുള്ള റോഡ് തുടങ്ങുന്നിടത്താണ് ഗാസ സ്ട്രീറ്റ് എന്ന ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീറാണ് കഴിഞ്ഞമാസം പുതിയ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രദേശം ഉള്‍പ്പെടുന്ന മുന്‍സിപ്പാലിറ്റി പ്രദേശത്തെ പ്രതിനിധിയായിരുന്നു ഉദ്ഘാടനത്തിന് നിശ്ചയിക്കപ്പെട്ടതെങ്കിലും അവസാന നിമിഷം താന്‍ ഉദ്ഘാടനത്തിന് നിയോഗിക്കപ്പെടുകയായിരുന്നുവെന്നാണ് ബഷീറിന്റെ വിശദീകരണം. കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. ഈ റോഡ് തുടങ്ങുന്നിടത്താണ് ഗാസ എന്ന പേര് നല്‍കി ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നത്. അതേസമയം, റോഡിന് ഫണ്ട് നല്‍കിയത് മുന്‍സിപ്പാലിറ്റിയാണെങ്കിലും ഗാസ എന്ന പേരില്‍ ബോര്‍ഡ് ഉയര്‍ന്നത് തങ്ങളുടെ അറിവോടെയല്ലെന്നാണ് മുന്‍സിപ്പല്‍ അധികൃതരുടെ നിലപാട്. ഇതുസംബന്ധിച്ച് തനിക്ക് അറിവൊന്നുമില്ലെന്ന് കാസര്‍ഗോഡ് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അറിയിച്ചു.

അതേസമയം, ബോര്‍ഡ് ഉയര്‍ത്തിയതിനു പിന്നില്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ടെന്ന് ബിജെപി ആരോപിച്ചു. പ്രദേശത്തെ പല മേഖലകളിലും ഇങ്ങനെ നടക്കുന്നുണ്ട്. പ്രദേശത്തെ വര്‍ഗീയമായി ചേരിതിരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് പ്രാദേശിക ബിജെപി നേതാക്കള്‍ പറഞ്ഞു.

ഐഎസില്‍ ചേരാനായി യുവാക്കള്‍ കൂട്ടത്തോടെ നാടുവിട്ട സംഭവത്തെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ല കേന്ദ്ര അന്വേഷണ ഏജന്‍സികളടെ നീരീക്ഷണത്തിലാണ്. ഇതിനിടെയാണ് പുതിയ ഗാസ ബോര്‍ഡ് സംഭവവുമുണ്ടായിരിക്കുന്നത്. ഈ സംഭവം മാത്രമല്ല, സമാനമായ മറ്റു വിഷയങ്ങളും കേന്ദ്ര ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നുമാണ് വിവരം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top