special page

രാംനാഥ് കോവിന്ദ, ബിജെപിയുടെ ശക്തനായ ദലിത് മുഖം, ദേശീയ നേതൃത്വത്തിന്റെ അടുപ്പക്കാരന്‍, വിവാദമേല്‍ക്കാത്ത നേതാവ്

ദില്ലി: ആസന്നമായ രാഷ്ടപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ പ്രഖ്യാപിച്ചു. ജൂണ്‍ 23ന് കോവിന്ദ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം.

71കാരനായ രാംനാഥ് കോവിന്ദ് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ്. മൈക്കുലാല്‍-കലാവതി ദമ്പതികളുടെ മകനായി 1945ല്‍ ഓക്ടോബര്‍ ഒന്നിന് കാണ്‍പൂരിലെ ദഹാത്തിലാണ് കോവിന്ദയുടെ ജനനം.

കഴിഞ്ഞ ഏപ്രിലില്‍ ബിജെപിയും ആര്‍എസ്എസും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ് ആറ് പേരുകളില്‍ ഒരാളാണ് രാംനാഥ് കോവിന്ദയുടേത്. അഭിഭാഷകന്‍ കൂടിയായ കോവിന്ദിനെ രണ്ട് തവണ ഉത്തര്‍പ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബിജെപി ദലിത് മോര്‍ച്ചയുടെ മുന്‍ പ്രസിഡന്റ് കൂടിയായ കോവിന്ദ അഖില ഭാരത കോലി സഭയുടേയും പ്രസിഡന്റ് ആയിരുന്നു. 2015 ആഗസ്ത് 8നാണ് കോവിന്ദ ബിഹാര്‍ ഗവര്‍ണറായി നിയമിതനായത്. ബിജെപിയുടെ ദേശീയ വക്താവ് കൂടിയാണ് കോവിന്ദ്.

ശക്തനായ ദലിത് മുഖമായി ബിജെപി മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ വ്യക്തിത്വമാണ് കോവിന്ദ. ബിഹാര്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് എത്തുന്നതിനു മുന്‍പ് ബിഹാറിലേയും ഉത്തര്‍പ്രദേശിലേയും ദലിത് ഉന്നമന പ്രവര്‍ത്തനങ്ങളില്‍ മുനിരയില്‍ ഉള്ള ആളായിരുന്നു കോവിന്ദ. കോവിന്ദയുടെ രാഷ്ട്രീയ സ്വീകാര്യത കണക്കിലെടുത്ത് ഒരു തവണ മായാവതിക്ക് ബിജെപിയിലുള്ള പകരക്കാരനായി വരെ കോവിന്ദയെ കണക്കാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിച്ച വ്യക്തിയായിരുന്നു കോവിന്ദ.

ബിഹാര്‍ ഗവര്‍ണര്‍ ആയിരിക്കേയും വിവാദങ്ങള്‍ ഏശാതെയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു കോവിന്ദയുടേയത്. ബിജെപിയുടെ ദേശീയ നേതൃത്വവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന കോവിന്ദ രാഷ്ടപതി സ്ഥാനാര്‍ത്ഥിത്ത്വത്തിലേക്ക് എത്തിയേക്കുമെന്ന് രാഷ്ട്രീയ ആസ്ഥാനങ്ങള്‍ക്ക്സൂചനകളുണ്ടായിരുന്നുവെങ്കിലും ചര്‍ച്ചകളില്‍ ഇദ്ദേഹത്തിന്റെ പേര് ഉയര്‍ന്നു കേട്ടതേ ഇല്ല.

ദലിത് വിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള പാര്‍ലമെന്ററി കമ്മിറ്റി അംഗം, ആഭ്യന്തര വകുപ്പിലെ സാന്നിധ്യം, പെട്രോളിയം, പ്രകൃതി വാതക വിഭാഗം. സമൂഹ്യനീതി വകുപ്പ്, അംബേദ്കര്‍ സര്‍വ്വകലാശാലയിലെ മാനേജ്‌മെന്റ് ബോര്‍ഡ് അംഗം, ബോര്‍ഡ് ഓഫ് ഗവര്‍ണേര്‍സ് അംഗം, എന്നീ നിലകളിലും കോവിന്ദ് ശ്രദ്ധേയമായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.

എന്‍ഡിഎയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ നേതാവെന്ന നിലയ്ക്ക് പൊതുസമ്മതനായ ഒരു നേതാവിനെ രാഷ്ടപതി സ്ഥാനാര്‍ത്ഥിയായി മുന്നണിയില്‍ മുന്നോട്ടു വയ്ക്കാനായിരുന്നു ബിജെപിയുടെ തീരുമാനം. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റേയും ദ്രൗപതി മുര്‍മുവിന്റേയും ലോകസഭ സ്പീക്കര്‍ സുമിത്ര മഹാജന്റേയും പേരുകള്‍ രാഷ്ടപതി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും രാാംനാഥിന്റെ പേര് ഒരിക്കല്‍ പോലും ചര്‍ച്ചയില്‍ പുറത്തേക്ക് വന്നില്ല. ഒരിടയ്ക്ക് ഗോപാലകൃഷ്ണ ഗാന്ധിയുടേും കരിയ മുണ്ടയുടേും ശരത് യാദവിന്റേയും ഇ ശ്രീധരന്റയും പോലും പേരുകള്‍ ചര്‍ച്ചകളില്‍ ഇടം നേടി. പ്രസിഡന്റ് മത്സരത്തിന് എല്‍കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും വരെ ഉണ്ടാവുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ബാബറി മസ്ജിദ് കേസോടെ ആ സാധ്യതകളും തള്ളപ്പെടുകയായിരുന്നു.

അതിനിടെയാണ് സാധ്യതകള്‍ക്കും ഉഹാപോഹങ്ങള്‍ക്കും വിരാമമിട്ട് ചര്‍ച്ചകളില് ഒരിക്കല്‍ പോലും ഉയര്‍ന്നു കേള്‍ക്കാത്ത കോവിന്ദയുടെ പേര് ബിജെപി പ്രഖ്യാപിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top