രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ദില്ലി: ബിഹാര്‍ ഗവര്‍ണര്‍ രാം നാഥ് കോവിന്ദിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ദില്ലിയില്‍ ഇന്ന് ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. നിലവില്‍ ബിഹാര്‍ ഗവര്‍ണറാണ് രാംനാഥ് കോവിന്ദ്‌. രാംനാഥ് കോവിന്ദ് ഈ മാസം 23 ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

71 കാരനായ രാംനാഥ് കോവിന്ദ് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു രാംനാഥ് കോവിന്ദിന്റെ പ്രഖ്യാപനം വന്നത്. ഇതുവരെ പരിഗണനാ പട്ടികയില്‍ പോലും ഉണ്ടായിരുന്ന പേരായിരുന്നില്ല രാംനാഥിന്റേത്. ദലിത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക വഴി പ്രതിപക്ഷത്തിന്റെ കൂടി പിന്തുണ ഉറപ്പിക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. രണ്ട് മണിക്കൂര്‍ നീണ്ട പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

രണ്ട് മണിക്കൂര്‍ നീണ്ട പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സ്ഥാനാര്‍ത്ഥിയ സംബന്ധിച്ച് സമവായത്തിലെത്താന്‍ പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് മൂന്നംഗം സമിതിയെ നിയോഗിച്ചിരുന്നു. ഇവരുടെ ചര്‍ച്ചയെ കുറിച്ച് യോഗം വിലയിരുത്തി. സോണിയ ഗാന്ധി, സീതാറാം യെച്ചൂരി എന്നിവരുമായാണ് സമിതി അംഗങ്ങളായ വെങ്കയ്യ നായിഡു, രാജ്‌നാഥ് സിംഗ് എന്നിവര്‍ ചര്‍ച്ച നടത്തിയത്.

ജൂലൈ 17 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. 20ന് ഫലം പ്രഖ്യാപിക്കും. നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി ജൂലൈ 24 ന് അവസാനിക്കും.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. ദലിത് മോര്‍ച്ചയുടെ മുന്‍ അധ്യക്ഷനായ രാംനാഥ് മുന്‍രാജ്യസഭാംഗവുമാണ്. 1994 മുതല്‍ 2006 വരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു. ബിജെപിയുടെ ദേശീയതലത്തിലെ ദലിത് മുഖമായാണ് രാംനാഥ് വിശേഷിപ്പിക്കപ്പെടുന്നത്. 2015 ഓഗസ്റ്റ് എട്ടിനാണ് അദ്ദേഹം ബിഹാര്‍ ഗവര്‍ണറായി ചുമതലയേറ്റത്.

മുന്‍പ് ഉയര്‍ന്ന് കേട്ടിരുന്ന ദ്രൗപതി മുര്‍മു, സുഷമ സ്വരാജ്, രാം നായിക്, സുമിത്ര മഹാജന്‍ എന്നവരെ പിന്തള്ളിയാണ് രാംനാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നിരിക്കുന്നത്. സഖ്യകക്ഷിയായ ശിവസേനയുടെ നിര്‍ദ്ദേശം അവഗണിച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അതിനാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ നിലപാട് ഇനി നിര്‍ണായകമാണ്. പശ്ചിമബംഗാള്‍ മുന്‍ഗവര്‍ണറും മഹാത്മാ ഗാന്ധിയുടെ ചെറുമകനുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേരാണ് പ്രതിപക്ഷത്തുനിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ ഈ മാസം 21 ന് പ്രഖ്യാപിക്കുമെന്നാണ് സൂചന.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിപക്ഷവുമായി സമവായത്തിലെത്തുന്നതിന് ബിജെപി മൂന്നംഗ മന്ത്രിതല സമിതിക്ക് രൂപം നല്‍കിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുമായി സമിതി അംഗങ്ങളായ വെങ്കയ്യ നായിഡു, രാജ്‌നാഥ് സിംഗ് എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷം നിലപാട് വ്യക്തമാക്കാമെന്നായിരുന്നു കോണ്‍ഗ്രസും സിപിഐഎമ്മും പ്രതികരിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top