special page

ഗോവധം നടത്തുന്നവരില്‍ ഭയം വിതയ്ക്കുക തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് യുപി ഉപമുഖ്യമന്ത്രി

കേശവ് പ്രസാദും യോഗീ ആദിത്യനാഥും (ഫയല്‍)

ലക്‌നൗ: പശുവിനെ കൊല്ലുന്നവര്‍ക്ക് നേരെ ദേശരക്ഷാനിയമം (എന്‍എസ്എ) പ്രയോഗിക്കാന്‍ തീരുമാനിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നിലുള്ള കാരണം വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷനും സംസ്ഥാന ഉപമുഖ്യമന്ത്രിയുമായ കേശവ പ്രസാദ് മൗര്യ രംഗത്ത്. പശുവിനെ വധിക്കുന്നവര്‍ക്കുള്ളില്‍ ഭീതി വിതറാനാണ് ഈ നടപടിയെന്നാണ് ഇദ്ദേഹം ‘ദി ഹിന്ദു’വിനോട് പറഞ്ഞത്. നിലവിലുള്ള ശക്തമായ നിയമം നടപ്പിലാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പശുക്കടത്തിനും കശാപ്പിനും നില്‍ക്കുന്നവരുണ്ടെങ്കില്‍, ഒരാള്‍ക്കെതിരെ എടുക്കുന്ന നടപടി ഇവരെക്കൂടി ഭീതിയിലാക്കാന്‍ സഹായകരമാണ്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ളില്‍ ഭീതി വിതയ്ക്കാന്‍ മാത്രമാണ് ഇത്തരം നടപടികള്‍ ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ശന നടപടിയുണ്ടാകുമെന്ന് ബോധ്യപ്പെട്ടാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെളിവോടെ പിടിക്കപ്പെട്ടെങ്കില്‍ മാത്രമേ എന്‍എസ്എ പ്രയോഗിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യ ദിവസം തന്നെ ഇത് ഈ രൂപത്തില്‍ നടപ്പിലാക്കുമെന്നല്ല പറയുന്നത്. യുപിയില്‍ ഒരാളും പശുവിന്റെ കഴുത്തിനടുത്തേക്ക് കത്തി കൊണ്ടുപോകാന്‍ ധൈര്യപ്പെടില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

യോഗീ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനനേട്ടമായി കേശവ പ്രസാദ് മൗര്യ ചൂണ്ടിക്കാട്ടുന്നത് മൂന്ന് കാരണങ്ങളാണ്. 86 ലക്ഷം കര്‍ഷകര്‍ക്ക് ഗുണകരമായ 36,000 കോടി രൂപയുടെ കാര്‍ഷിക കടാശ്വാസ പദ്ധതി തന്നെയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഗ്രാമങ്ങളില്‍ 18 മണിക്കൂര്‍ വൈദ്യുതി എത്തിക്കാനായതും അദ്ദേഹം പ്രധാനനേട്ടമായി അവതരിപ്പിക്കുന്നു. അനധികൃത കാപ്പുശാലകള്‍ അടപ്പിച്ചു. അഖിലേഷ് യാദവ് സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തില്‍ വാങ്ങിയ അത്രയും ഗോതമ്പ് തകഴിഞ്ഞ100 ദിവസംകൊണ്ട് സംസ്ഥാനം വാങ്ങി. ദരിദ്രരുടെയും കര്‍ഷകരുടെയും ചെറുപ്പക്കാരുടെയും പക്ഷത്ത് നില്‍ക്കുന്ന സര്‍ക്കാര്‍, സ്ത്രീകളെ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. കുറ്റവാളികള്‍ പേടിച്ചു. കുറ്റകൃത്യമോ ഉത്തര്‍പ്രദേശോ ഏതെങ്കിലും ഒന്ന് ഉപേക്ഷിക്കണമെന്ന സ്ഥിതിയിലാണ് അവരെന്നും അദ്ദേഹം ഹിന്ദുവിനോട് പറഞ്ഞു. നൂറ് ശതമാനം കുര്‌റകൃത്യങ്ങളില്ലാതായി എന്ന് താന്‍ പറയില്ല. പക്ഷെ ഭരണത്തലപ്പത്തുള്ളവരുടെ പക്കല്‍ നിന്ന് രാഷ്ട്രീയ സംരക്ഷണം ഇപ്പോള്‍ ലഭിക്കുന്നില്ല. പൊലീസിന് പൂര്‍ണ അധികാരം നല്‍കിയിട്ടുണ്ട്, കുറ്റവാളികള്‍ ഇപ്പോള്‍ വലിയ ഭയത്തിലാണ്. ജനങ്ങള്‍ ഈ മാറ്റം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമുള്ള കര്‍ഷകപ്രക്ഷോഭങ്ങള്‍ കോണ്‍ഗ്രസിന്റെ കുതന്ത്രങ്ങളാണെന്നാണ് ഈ നേതാവ് പറയുന്നത്. യുപിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കേന്ദ്രവുമായോ സംസ്ഥാനസര്‍ക്കാരുമായോ ഒരു പ്രശ്‌നവുമില്ല. അതിനാല്‍ അവര്‍ വ്യാജപ്രചരണങ്ങള്‍ ഇളക്കിവിടുകയാണ്. എന്നാല്‍ ഈ പ്രചരണങ്ങളിലും ഗുണം ലഭിക്കുന്നില്ല അവര്‍ക്ക്. യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്ക് മുന്നില്‍ അനാവൃതമാകുന്നതോടെ പ്രതിപക്ഷം നിരാശരാകുന്നുവെന്നും അദ്ദേഹം പറയുന്നു. 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ യുപിയിലെ 80ല്‍ 80 സീറ്റും ബിജെപി നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top