special page

പുതുവൈപ്പ് സമരക്കാര്‍ക്കു തീവ്രവാദ ബന്ധമെന്ന് പൊലീസ്; ‘തീവ്രവാദ സംഘടനകള്‍ സമരത്തെ ഹൈജാക്ക് ചെയ്തിരിക്കുന്നു’

കൊച്ചി: പുതുവൈപ്പ് സമരക്കാര്‍ക്ക് തീവ്രവാദ ബന്ധമെന്ന് എറണാകുളം റൂറല്‍ എസ്പി എവി ജോര്‍ജ്ജ്. എല്‍പിജി സംഭരണശാലയ്‌ക്കെതിരെ നാട്ടുകാര്‍ സമരം സംഘടിച്ചിരിക്കുന്നത് സ്വമേധയ അല്ലെന്നും സമരക്കാര്‍ക്ക് പിന്നില്‍ ഇടത് തീവ്രവാദികള്‍ ഉണ്ടെന്നുമാണ് എസ്പി എവി ജോര്‍ജിന്റെ പ്രതികരണം.എസ്പിയുടെ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി.

കഴിഞ്ഞ ദിവസം സമരത്തിനിടെ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലരെ കണ്ടിരുന്നു. ഇവരുടെ സമരം തീവ്രവാദ ശക്തികള്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. അതല്ലാതെ സ്ത്രീകളും കുട്ടികളുമടക്കം ഇത്രയും വലിയ സമരത്തിനിറങ്ങുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സമരക്കാര്‍ക്കു പിന്നിലെ ശക്തികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം നടത്തുമെന്നും റൂറല്‍ എസ്പി വ്യക്തമാക്കി. ക്രൈം ബ്രാഞ്ച് ആവും ഈ ആക്ഷേപത്തില്‍ ആദ്യം അന്വേഷണം നടത്തുക. ഇടത് തീവ്രവാദ സംഘടനകള്‍ സമരത്തെ ഹൈജാക്ക് ചെയ്തിരിക്കുന്നു. അവര്‍ സമരം ഏറ്റെടുത്തിരിക്കുന്നു. അതുകൊണ്ടാണ് സമരത്തില്‍ കലാപകലൂക്ഷിതമാവുന്നത്. പൊലീസ് വളരെ സംയമനത്തോടെയാണ് പെരുമാറുന്നത്. എന്നാല്‍ സമരക്കാര്‍ സമരം അക്രമാസക്തമാവുകയാണെന്നും പൊലീസ് ഉന്നത വൃത്തങ്ങള്‍ പറയുന്നു.

കഴിഞ്ഞ ദിവസം സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ സ്ത്രീകളേയും കുട്ടികളേയും പൊലീസ് തല്ലിച്ചതച്ച സംഭവത്തില്‍ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി മനുഷ്യാവകാശ കമ്മീഷനടക്കം രംഗത്തു വന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ പുതിയ വാദം. എന്നാല്‍ സമരക്കാര്‍ക്കു നേരെ മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും പൊലീസിനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് പൊലീസിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണം.

പരിസ്ഥിതി പ്രവര്‍ത്തകര്‍, മത്സ്യത്തൊഴിലാളി യൂണിയന്‍, ജനകീയ സമരസമിതി തുടങ്ങിയവര്‍ ചേര്‍ന്നാണ് സമരം നയിക്കുന്നത്. സ്ത്രീകളും കുട്ടികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ സമരക്കാര്‍ക്ക് പിന്നില്‍ ഇടത് തീവ്രവാദ ശക്തികളുണ്ടെന്നാണ് പൊലീസിന്റെ ആരോപണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top