ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് കിരീടം തേടി ഇന്ത്യയുടെ കെ ശ്രീകാന്ത് ഇന്നിറങ്ങും; ഫൈനലില്‍ കസുമാസയെ നേരിടും

കെ ശ്രീകാന്ത് ( ഫയല്‍ ചിത്രം )

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ കലാശ പോരാട്ടത്തില്‍ ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് ഇന്ന് കിരീടം തേടി ഇറങ്ങുന്നു. ജപ്പാന്റെ കസുമാസ സകായിയാണ് ഫൈനലില്‍ ശ്രീകാന്തിന്റെ എതിരാളി. ഇന്തോനേഷ്യന്‍ ഓപ്പണിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് ശ്രീകാന്ത്

സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം സണ്‍ വാന്‍ ഹൂവിനെ ഒരു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിനൊടുവില്‍ അട്ടിമറിച്ചാണ് ശ്രീകാന്ത് കലാശപ്പോരിന് അര്‍ഹത നേടിയത്. ശ്രീകാന്തിന് ഇത് തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ സീരീസ് ഫൈനലാണ്. ഏപ്രിലില്‍ സിംഗപ്പൂര്‍ ഓപ്പണിന്റെ ഫൈനലില്‍ ഇന്ത്യന്‍ താരം സായ് പ്രണീതിനോട് ശ്രീകാന്ത് പരാജയപ്പെടുകയായിരുന്നു.

ബാഡ്മിന്റണ്‍ റാങ്കിംഗില്‍ 22 ആം സ്ഥാനത്താണ് ശ്രീകാന്ത്. ലോക റാങ്കിംഗില്‍ 47 ആം സ്ഥാനത്താണ് സകായി. 2014 ലെ ചൈന ഓപ്പണ്‍, 2015 ലെ ഇന്ത്യ ഓപ്പണ്‍ കിരീടങ്ങള്‍ നേടിയിട്ടുള്ള ശ്രീകാന്തിനെ കരിയറിലെ നാലാം അന്താരാഷ്ട്ര സൂപ്പര്‍ സീരീസ് ഫൈനലാണിത്.

സെമിയില്‍ മലയാളി താരം എച്ച് എസ് പ്രണോയിയെ മുട്ടുകുത്തിച്ചാണ് കസുമാസ സകായി ഫൈനലിലെത്തിയത്. മുന്‍ റൗണ്ടുകളില്‍ ലോക മുന്‍ ഒന്നാം നമ്പര്‍ താരത്തേയും പിന്നീട് ഒളിമ്പിക് ചാമ്പ്യനേയും അട്ടിമറിച്ച് സെമിയിലെത്തിയ പ്രണോയിക്ക്, തന്നേക്കാള്‍ താഴ്ന്ന റാങ്കിലുള്ള കസുമാസയ്‌ക്കെതിരെ കാലിടറുകയായിരുന്നു. ആദ്യഗെയിമും, രണ്ടാം സെറ്റിലെ അഞ്ച് മാച്ച് പോയിന്റുകളും നേടിയശേഷമായിരുന്നു പ്രണോയിയുടെ തോല്‍വി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top