special page

ഓജര്‍ കമ്പനി അടച്ചുപൂട്ടുമ്പോള്‍ മുഴുവന്‍ ജീനക്കാരെയും പുനരധിവസിപ്പിക്കാനുറച്ച് സൗദി

ഓജര്‍ കമ്പനി സൈറ്റില്‍ നില്‍ക്കുന്ന തൊഴിലാളി

തൊഴില്‍ നഷ്ടപ്പെട്ട സൗദി ഓജര്‍ കമ്പനിയിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം രംഗത്ത്. സ്വദേശി ജീവനക്കാര്‍ക്കും വിദേശ തൊഴിലാളികള്‍ക്കും മറ്റു സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭ്യമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ ഇടപെടല്‍ ആശ്വാസമാകും.

സൗദി അറേബ്യയിലെ വന്‍കിട കോണ്‍ട്രാക്ടിംഗ് കമ്പനികളില്‍ ഒന്നായ സൗദി ഓജറില്‍ നിലവില്‍ എണ്ണായിരം ജീവനക്കാരാണ് ഉള്ളത്. ഇതില്‍ 1,200 പേര്‍ സ്വദേശികളാണ്. ഇവരില്‍ 600 പേര്‍ക്ക് മറ്റ് സ്വകാര്യ കമ്പനികളില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി ആരംഭിച്ചു. അവശേഷിക്കുന്ന സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴിലുകള്‍ കണ്ടെത്തുമെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. ഇതിന് ആവശ്യമായ നിര്‍ദേശം മാനവശേഷി വികസന നിധിക്ക് തൊഴില്‍, സാമൂഹിക വികസന കാര്യ വകുപ്പ് മന്ത്രി ഡോ.അലി അല്‍ഗഫീസ് നല്‍കി. സൗദി ഓജറിലുള്ള ആറായിരം വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ് ഇതര സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിനും നടപടി ആരംഭിച്ചു.

സൗദി ഓജര്‍ കമ്പനി പ്രതിസന്ധിയിലായത് മുതല്‍ 16,000 വിദേശ തൊഴിലാളികളുടെ പ്രശ്‌നം പരിഹാരിക്കുന്നതിന് മന്ത്രാലയം ഇടപെട്ടിരുന്നു. ഇതില്‍ 11,500 പേര്‍ ഫൈനല്‍ എക്‌സിറ്റ് നേടി മാതൃരാജ്യങ്ങളിലേക്കു മടങ്ങി. 3,800 പേരുടെ സ്‌പോണ്‍സര്‍ഷിപ് മറ്റുന്നതിന് തൊഴില്‍ മന്ത്രാലയം അനുമതി നല്‍കി. തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള മുഴുവന്‍ ശമ്പളവും ആനുകൂല്യങ്ങളും മന്ത്രാലയം ശേഖരിച്ചിട്ടുണ്ട്. ഇത് തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നതിന് കമ്പനിക്കെതിരെ കേസ് നടത്തുന്നതിന് മന്ത്രാലയം അഭിഭാഷകരെ നിയോഗിച്ചു.

കമ്പനി അടച്ചുപൂട്ടുന്നതിനാണ് സൗദി ഓജര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. മുഴുവന്‍ ജീവനക്കാര്‍ക്കും കമ്പനി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. ജൂലൈ 31 ന് അവസാനത്തെ പ്രവൃത്തി ദിവസമാണെന്നും പിരിച്ചുവിടല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top