അഭിമാന മുഹൂര്‍ത്തത്തിലേക്ക് ഇനി മണിക്കൂറുകളുടെ ദൂരം മാത്രം; മെട്രോയെ വരവേല്‍ക്കാന്‍ കേരളം

കൊച്ചി: കേരളത്തിന്റെ അഭിമാന മുഹൂര്‍ത്തത്തിലേക്ക് ഇനി മണിക്കൂറുകളുടെ ദൂരം മാത്രം. കൊച്ചി മെട്രോ റെയില്‍ ഇന്ന് പ്രധാനമന്ത്രി കേരളത്തിന് സമര്‍പ്പിക്കുന്നതോടെ നീണ്ട നാളത്തെ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.  കലൂര്‍ രാജ്യാന്താര സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. വിവാദങ്ങള്‍ ഏറെയുണ്ടായിരുന്നെങ്കിലും നീണ്ട നാളത്തെ കേരളത്തിന്റെ കാത്തിരിപ്പിനാണ് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിലൂടെ വിരാമമാകുന്നത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കൊച്ചി നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊച്ചിയില്‍ കനത്ത ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 ഇന്ന് രാവിലെ പത്തേകാലോടെ കൊച്ചിയിലെ നാവികസേന വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി ആദ്യം പാലാരിവട്ടം മെട്രോ സ്‌റ്റേഷനിലാവും എത്തുക. ഇവിടെ നിന്നും പത്തടിപ്പാലത്തേക്കും തിരിച്ചു മെട്രോയില്‍ യാത്ര ചെയ്യുന്ന പ്രധാനമന്ത്രി പിന്നീട് കലൂരിലെ ഉദ്ഘാടന വേദിയിലെത്തും. ഉദ്ഘാടന ചടങ്ങിനു ശേഷം സെന്റ് തെരേസാസ് കോളേജില്‍ സംഘടിപ്പിക്കുന്ന പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ പരിപാടിയിലും മോദി പങ്കെടുക്കും. തുടര്‍ന്ന് റോഡ് മാര്‍ഗം നാവികസേന വിമാത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായും സംസ്ഥാന മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും.

കലൂര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടന വേദിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 35000ഓളം പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന പന്തലാണ് തയ്യാറായത്. മെട്രോ ഉദ്ഘാടനത്തിന്റെ ക്ഷണപത്രികയും തിരിച്ചറിയില്‍ കാര്‍ഡ് ഉള്ളവരെ മാത്രമാവും സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശനം ലഭിക്കുക.

ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോ മീറ്റര്‍ റൂട്ടിലാണ് ആദ്യഘട്ടത്തില്‍ മെട്രോ ഓടുന്നത്. 11 സ്റ്റേഷനുകളാണ് ഈ റൂട്ടിലുള്ളത്.ആകെ 25 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന മെട്രോയുടെ അടുത്ത ഘട്ടത്തില്‍ തൃപ്പൂണിത്തുറ, ഇന്‍ഫോപാര്‍ക്ക്, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലേക്കും മെട്രോ ട്രെയിന്‍ ഓടിയെത്തും.

2004 മുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കൊച്ചി മെട്രോ പദ്ധതി 2011-ലാണ് ദ്രുതഗതിയിലായത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മാണം വഹിച്ച മെട്രോ മാന്‍ ഇ ശ്രീധരനാണ് കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top