special page

‘കനലില്‍നിന്നും’ ഉയിര്‍ത്തെഴുന്നേറ്റ താരം: പോരാടി നേടിയ വിജയത്തിന്റെ കഥ പറഞ്ഞ് കണ്ണന്‍ നായര്‍

കണ്ണന്‍ നായര്‍

തിരുവനന്തപുരം: ഇന്നത്തെ ഒട്ടുമിക്ക താരങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ നിറഞ്ഞ ഇന്നലകളെപ്പറ്റി പറയാന്‍ കാണും. അതുപോലെ കഷ്ടപ്പെട്ട് നേടിയ വിജയത്തില്‍ സന്തോഷിക്കുകയാണ് കണ്ണന്‍ നായര്‍. ഒരുപക്ഷേ അധികമാര്‍ക്കും ഈ നടനെ മനസിലായിട്ടുണ്ടാവില്ല. ഒരൊറ്റ കാര്യം മതി ഈ നടനെ അറിയാന്‍. “സെക്‌സി ദുര്‍ഗ”യിലെ നടനെന്ന പേര്. 2017 ലെ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടിയ ചിത്രമാണ് സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ. ലോകം കണ്ട മികച്ച അന്താരാഷ്ട്രമേളകളില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണിത്. ഇതിലൂടെ ചരിത്ര പുസ്തകത്തിന്റെ താളുകളില്‍ കണ്ണന്‍ നായരുടെയും പേര് എഴുതപ്പെട്ടുകഴിഞ്ഞു.

സിനിമ സ്വപ്‌നം കണ്ടുനടന്ന കാലം..

കുട്ടിക്കാലം മുതലേ താനൊരു സിനിമാഭ്രാന്തന്‍ തന്നെയായിരുന്നുവെന്ന് പറഞ്ഞുതുടങ്ങുകയാണ് കണ്ണന്‍ നായര്‍. സഭാകമ്പം ലവലേശം ഇല്ലാത്തതിനാല്‍ യൂത്ത്‌ഫെസ്റ്റിവലുകള്‍ എന്നും ആവേശമായിരുന്നു. സിനിമയെ മനസില്‍ കണ്ടാണ് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പഠിച്ചതും. പിന്നീട് പ്രശസ്ത ക്യാമറാമാന്‍ അഴകപ്പന്റെ അസിസ്റ്റന്റായി 2 വര്‍ഷം 5 ചിത്രങ്ങള്‍.ഒപ്പം തന്നെ ബിരുദാനന്തര ബിരുദവും നേടി. അപ്പോഴും മനസ്സിലൊന്നേയുള്ളു സിനിമ.

എന്തുകൊണ്ട് അഭിനയം??

ആറാം ക്ലാസുമുതലേ അഭിനയം തലയ്ക്കുപിടിച്ചുവെന്ന്പറയുന്ന കണ്ണന്‍ നായര്‍ക്ക് ഈ ചോദ്യത്തിനുമുണ്ട് കിറുകൃത്യമായ മറുപടി. നാമെല്ലാവരും നമ്മളല്ലാതെ ജീവിക്കാനിഷ്ടപ്പെടുന്നവരാണ്. എല്ലാ ദിവസവും ഒരേ വേഷമണിയുന്നതില്‍ മടുപ്പ് തോന്നുന്നവരാണ്. ഒരുപക്ഷേ ഈ ചിന്ത കൂടുതലായുള്ളവരാകാം നടന്മാരാകുന്നത്. പല ജീവിതവേഷങ്ങള്‍ കെട്ടിയാടാം, ഇതിലൂടെ സ്വന്തം ജീവിതത്തില്‍ നിന്ന് ഒളിച്ചോടുകയും ചെയ്യാം. ഇതാണ് കണ്ണന്‍ നായരുടെ മറുപടി. എല്ലാ നടന്മാരില്‍ നിന്നും പഠിക്കാനുണ്ട്. പക്ഷേ തനിക്കൊരു റോള്‍ മോഡല്‍ ഇല്ലായെന്നാണ് കണ്ണന്‍ നായര്‍ പറയുന്നത്. ”ഓരോ നടനും ഓരോ താളമാണ്, എല്ലാവരില്‍ നിന്നും പഠിക്കുക, സ്വന്തമായുള്ള ശൈലിയെ പിന്തുടരുക’ വാക്കുകളിങ്ങനെ.
ചൂണ്ടിക്കാണിക്കാന്‍ ഒരു ഗോഡ്ഫാദറില്ലാത്ത ഈ നടന്‍, താനൊരു മാരത്തണ്‍ ഓട്ടക്കാരനെപ്പോലെയാണെന്നും, ഓടിത്തുടങ്ങി ഇനി ഫിനിഷിങ് പോയിന്റ് എത്തിയിട്ടേ നിര്‍ത്തുള്ളുവെന്നും പറയുന്നു.

വഴിത്തിരിവ്.. വഴികള്‍..

വയലാ വാസുദേവന്‍ പിള്ളയുടെ കീഴില്‍ നാടകത്തില്‍ എംഫില്‍ ചെയ്തതാണ് വഴിത്തിരിവായതെന്ന് പറയുന്ന കണ്ണന്‍ നായര്‍ നാടകത്തില്‍ സജീവമാണ്. കനല്‍, സോപാനം, നാട്യഗൃഹം, കലാവേദി തുടങ്ങി നിരവധി അമേച്വര്‍ നാടക സംഘങ്ങളുടെ നാടകങ്ങളിലൂടെ തന്റെ സ്വപ്‌നത്തിലേക്കുള്ള പടികള്‍  ഒാരോന്നായി കീഴടക്കിയ ഈ നടന്‍, നിരവധി ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

പ്രഹസനമെന്ന് പറയാവുന്ന നൂറില്‍പ്പരം ഓഡീഷനുകളില്‍ പങ്കെടുത്ത ഈ യുവനടന്‍ 82 ഓളം നാടകങ്ങളിലും 39 ഓളം ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഷോര്‍ട്ട് ഫിലിമുകള്‍ പല അവാര്‍ഡുകളും നേടി യുട്യൂബിന്റെ ഹിറ്റ് ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുണ്ട്. നാടക രംഗത്തെ കുലപതികളുടെയൊപ്പം വേദി പങ്കിടാനായത് ഭാഗ്യമായി കരുതുന്ന കണ്ണന്‍ നായര്‍, കനല്‍ സാംസ്‌കാരിക വേദിയുടെ ‘ഖൈമേറെ’ എ നാടകത്തിലെ അഭിനയം കണ്ടിട്ടാണ് സെക്‌സി ദുര്‍ഗയിലേക്ക് സനല്‍ കുമാര്‍ ശശിധരന്‍ വിളിച്ചതെന്ന് ഏറെ അഭിമാനത്തോടെ പറയുന്നു.

പത്ത് വര്‍ഷമായി അഭിനയത്തില്‍ തുടരുന്ന കണ്ണന്‍ നായര്‍ക്ക് ഒരു പേര് നല്‍കിയത് സെക്‌സി ദുര്‍ഗയാണ്. മറ്റൊരു ഇന്ത്യന്‍ ചിത്രത്തിനും ലഭിക്കാത്ത അംഗീകാരം ലഭിച്ചിട്ടും എന്തുകൊണ്ടോ അര്‍ഹിക്കുന്ന ശ്രദ്ധ നേടാന്‍ ഈ ചിത്രത്തിനു കഴിഞ്ഞില്ല. സാമൂഹിക മാധ്യമങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുവെങ്കിലും മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിച്ചുവെന്ന് തന്നെ പറയാം. ഈയടുത്ത് കാന്‍സ് ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തെപ്പറ്റി വാചാലനാകുകയാണ് ഇദ്ദേഹം.

സെക്‌സി ദുര്‍ഗയെപ്പറ്റി കുറച്ച് കാര്യങ്ങള്‍..
എഴുതി തയ്യാറാക്കിയ ഒരു തിരക്കഥയെ അവലംബിച്ചല്ല സെക്‌സി ദുര്‍ഗ ഒരുങ്ങിയത്. ഒരു ഷോട്ട് ഫിലിമിന്റെ തുടക്കവും ഒടുക്കവും മാത്രമറിഞ്ഞ് അത് അഭിനയിച്ച് വിജയിപ്പിക്കുകയെന്നത് നടന്റെ കടമയാണ്. 20 മിനിറ്റ് വരെ നീളുന്ന ഷോട്ടുകളില്‍ കഥാപാത്രമായി അഭിനേതാവിന് നില്‍ക്കേണ്ടതുണ്ട്. അഭിനേതാവെന്ന നിലയില്‍ ഏറെ വെല്ലുവിളിയുയര്‍ത്തിയ സിനിമയായിരുന്നു. യാഥാര്‍ഥ്യത്തെ എടുത്തുകാട്ടിയ ഈ സിനിമ തനിക്കെന്നും ഒരു നേട്ടമാണെന്ന് കണ്ണന്‍ നായര്‍ സാക്ഷ്യപ്പെടുത്തുന്നു.

വീട്ടുകാരും കൂട്ടുകാരും..

എല്ലാ വീട്ടുകാരും ആഗ്രഹിക്കുന്നത് ഒരു സര്‍ക്കാര്‍ ജോലിയാണ്. വനം നകുപ്പില്‍ ജോലി കിട്ടിയിട്ടും അതുപേക്ഷിച്ച് സിനിമയില്‍ തുടരുന്നത്  സിനിമയോടുള്ള ഇദ്ദേഹത്തിന്റെ അഭിനിവേശം തെളിയിക്കുന്നു. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ വീട്ടുകാര്‍ ചെയ്ത വിട്ടുവീഴ്ചകള്‍ മറക്കാനാകില്ല. എന്തിനും കൂട്ടായി ചേട്ടന്‍ കാണുമെന്ന ഉത്തമബോധ്യമുണ്ട് ഈ നടന്. വീട്ടില്‍ ‘സീന്‍’ വഷളാകുമ്പോള്‍ തനിക്ക് വേണ്ടി സംസാരിക്കു ചേട്ടന്‍ എല്ലാ അര്‍ത്ഥത്തിലും തനിക്ക് താങ്ങാണെന്നും പറയുന്നു. തന്റെ സ്വപ്‌നം പൂവണിയാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് കൂട്ടുകാരാണ്. അവര്‍ തരുന്ന പിന്തുണ പറഞ്ഞറിയിക്കാനാകില്ലായെന്നും കണ്ണന്‍ നായര്‍ പറയുന്നു.

വര്‍ത്തമാനവും ഭാവിയും..
നീന്താനറിഞ്ഞിട്ട് മാത്രം കാര്യമില്ല, പുഴ വരെ എത്തണം, താനിപ്പോഴാണ് അവിടെയെത്തിയത്. ഇപ്പോഴത്തെ കാര്യങ്ങളെക്കുറിച്ച് കണ്ണന്‍ നായര്‍ പറയുന്നതിങ്ങനെയാണ്.വന്‍ താരനിര ഒന്നിക്കുന്ന ”ആഭാസ”മെന്ന ചിത്രത്തിന്റെയും പേര് നിശ്ചയിച്ചിട്ടില്ലാത്ത മറ്റൊരു ചിത്രത്തിന്റെയും തിരക്കിലാണീ നടന്‍. അതിനിടയില്‍ തന്നെ നടനാക്കിയ ”കനലി”ന്റെ റിപ്പബ്ലിക് എന്ന നാടകത്തിന്റെയും പണിപ്പുരയിലുണ്ട്. ക്രൗഡ് ഫണ്ടിങ് രീതി പിന്തുടര്‍ന്ന് നിര്‍മ്മിക്കുന്ന ഈ നാടകം വരുന്ന ഓഗസ്റ്റ് 15നു വേദിയിലെത്തും.

അവാര്‍ഡൊക്കെ കിട്ടിയെങ്കിലും അതിന്റെ ഒരു ജാഡയുമില്ലാത്ത താരം ഇനിയും നല്ല വേഷങ്ങള്‍ക്കായി, പുതിയ ആള്‍ക്കാരുമായി ഇടപഴകാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്. അവാര്‍ഡ് സിനിമയെ ബോറടിപ്പിക്കുന്ന സിനിമയായി കാണുന്ന മലയാളികള്‍ക്ക് അതിലെ നടന്മാരെയും അങ്ങനെതന്നെ വിലയിരുത്താനുള്ള പ്രവണതയാണ്. അവാര്‍ഡ്  സിനിമയിലെ നടന്മാര്‍ എപ്പോഴും എഴുതപ്പെടാതെ പോകുന്നു. അവര്‍ അവാര്‍ഡ് സിനിമയിലെ മാത്രം നടന്മാരായിപ്പോകുന്നു. അങ്ങനെയല്ലാതെ മലയാള സിനിമയെ ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കാന്‍ കണ്ണന്‍ നായരും ഉണ്ടാകട്ടെ,  ഇതൊരു പുതിയ തുടക്കമാകട്ടെ..

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top