എസിയില്‍ പാമ്പ്, പാമ്പിന്റെ വായില്‍ എലി; ഫെയ്‌സ്ബുക്കിനെ പേടിപ്പിച്ചും ചിരിപ്പിച്ചും വീഡിയോ വൈറല്‍

വീഡിയോയിലെ ദൃശ്യങ്ങള്‍

കൊച്ചി: വീട്ടില്‍ അപ്രതീക്ഷിതമായി ഒരു എലിയെ കണ്ടാല്‍ അത് നമ്മളെ തെല്ലൊന്ന് പേടിപ്പെടുത്തുമെന്നതില്‍ തര്‍ക്കമില്ല. ഇനിയൊരു പാമ്പിനെയാണ് കാണുന്നതെങ്കിലോ? പേടി പതിന്മടങ്ങാകും. എന്നാലിതാ നവമാധ്യമങ്ങളില്‍ സജീവമായി പ്രചരിക്കുന്ന ഈ വീഡിയോയില്‍ പാമ്പും എലിയും ഒന്നിച്ചാണ് വീഡിയോ എത്തിയിരിക്കുന്നത്. അതിലുമേറെ പേടിപ്പിക്കുക ഇവ രണ്ടും ഒരു എസിയിലാണ് ഇടംപിടിച്ചിരിക്കുന്നത് എന്നതാണ്. എസിയ്ക്കിടയിലൂടെ എലിയെ വായില്‍ കടിച്ചുപിടിച്ചുള്ള പാമ്പിന്റെ പ്രകടനം നവമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ആറരകോടിയോളം ആളുകളാണ് അഞ്ച് ദിവസത്തിനകം വീഡിയോ കണ്ടിരിക്കുന്നത്. സിമ്പിള്‍ ഗേളെന്ന പേജിലെത്തിയ 10 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണിത്.

കൗതുകകരവും ഒപ്പം ഭയപ്പെടുത്തുന്നതുമായ വീഡിയോ ജൂണ്‍ 10നാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. ആദ്യം എന്തോ വയറില്‍ എലി കടിച്ചുതൂങ്ങിയതാണെന്ന് തോന്നും. പക്ഷെ വീഡിയോ വരുമ്പോള്‍ മനസിലാകും, എസിയുടെ വെന്റിനിടയിലൂടെ പാമ്പ് ഇറങ്ങി എലിയെ പിടിച്ചതാണെന്ന്. എലിയെ കടിച്ചുപിടിച്ചാണ് പാമ്പിന്റെ ഈ അഭ്യാസപ്രകടനം. വലിയ വായുള്ള പാമ്പ് പേടിപ്പിക്കുന്നതാണെന്ന് കാഴ്ചക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. നാല്‍പ്പത്തിയയ്യാരത്തോളം ലൈക്കുകളും അറുപത്തിയയ്യായിരം ഷെയറുകളും വീഡിയോ നേടിയിട്ടുണ്ട്.

പതിവുപോലെ വീഡിയോ ഫെയ്‌സ്ബുക്കില്‍ വലിയ തരംഗത്തിന് ഇടയാക്കിയിട്ടുണ്ട്. വീഡിയോ കണ്ട് എസിക്ക് കീഴില്‍ നിന്ന് മാറിക്കിടക്കാന്‍ ആരംഭിച്ചവര്‍ പോലുമുണ്ടത്രേ. രാത്രിയില്‍ കണ്ട് പേടിച്ചവരുമുണ്ട്. വാടക കൊടുക്കാതെ വീട്ടില്‍ കഴിയുകയായിരുന്ന എലിയെ പിടിച്ച വീരനാണ് പാമ്പെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. വീഴാന്‍പോയ എലിയെ സാഹസികമായി പാമ്പ് രക്ഷിക്കുകയായിരുന്നുവെന്നും ചിലര്‍ പറയുന്നു. എസിയില്‍ ചൂട് കൂടിയാല്‍ പുറത്തുപോയും, തണുപ്പായാല്‍ റൂമിനകത്തും എലിയെപിടിക്കുന്ന പാമ്പുള്ള പുതിയതരം എസിയാണിതെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top