ബാബാ രാംദേവിനെതിരെ ജാമ്യമില്ലാ വാറന്റ്

ബാബാ രാംദേവ് (ഫയല്‍)

റോഹ്ത്തക്: പ്രമുഖ യോഗാഗുരുവും വ്യവസായിയുമായ ബാബാ രാംദേവിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിപ്പിച്ചു. ഇന്നലെ റോഹ്ത്തക് കോടതിയില്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരീഷ് ഗോയലാണ് ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. മാര്‍ച്ച് 3നാണ് കേസ് കോടതി പരിഗണിക്കുക. ‘ഭാരത് മാതാ കീ ജയ്’ വിളിക്കാന്‍ വിസമ്മതിക്കുന്നവരുടെ തലവെട്ടണമെന്ന ബാബാ രാംദേവിന്റെ അഭിപ്രായപ്രകടനത്തിനെതിരെയാണ് കേസ്. പ്രമുഖ യോഗാധ്യാപകനും, പതഞ്ജലി എംഎന്‍സി ഉടമയുമാണ് ബാബാ രാംദേവ്.

കഴിഞ്ഞ മാര്‍ച്ച് 12ന് കോടതി ബാബാ രാംദേവിനെതിരെ ജാമ്യം ലഭിക്കാവുന്ന വാറന്റ് പുറപ്പെടുവിച്ചിരുന്നു. കോടതിയില്‍ എന്നിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറന്റിന് ഉത്തരവിട്ടത്. ഇന്നലെയും അദ്ദേഹം ഹാജരായില്ലെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ ഒപി ചങ് പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ റോഹ്ത്തകില്‍ നടന്ന സദ്ഭാവന സമ്മേളനത്തിലാണ് രാംദേവ് ഈ അഭിപ്രായപ്രകടനം നടത്തിയത്. ജാട്ട് കലാപവുമായി ബന്ധപ്പെട്ട് നഗരത്തിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താനാണ് ഈ ‘വഴി’ ബാബാ രാംദേവ് നിര്‍ദേശിച്ചത്.

രാജ്യത്തെ സമാധാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രസ്താവനകള്‍ പറഞ്ഞതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 506, 504 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രസ്താവനയെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സുഭാഷ് ബത്ര രാംദേവിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. രാംദേവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ പൊലീസ് രാംദേവിനെതിരെ കേസെടുക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് കോടതിയെ സമീപിച്ചതെന്ന് സുഭാഷ് ബത്ര പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് രണ്ടിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് രാംദേവിന് സമന്‍സ് അയച്ചിരുന്നു. ജൂണ്‍ 14ന് മുന്‍പ് കോടതിയില്‍ ഹാജരാകാനും ഒരു ലക്ഷം രൂപയുടെ ആള്‍ജാമ്യത്തുക കെട്ടിവെക്കാനും അന്ന് കോടതി ഉത്തരവിട്ടിരുന്നു.

ഭാരതത്തെ സ്‌നേഹിക്കുകയും നിയമങ്ങള്‍ അനുസരിക്കുകയും ഭരണഘടനയെ ബഹുമാനിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഭാരത് മാതാ കി ജയ് വിളിക്കാത്തവരുടെ തല വെട്ടാത്തതെന്നായിരുന്നു ബാബാ രാംദേവിന്റെ വിവാദ പ്രസ്താവന. അല്ലായിരുന്നുവെങ്കില്‍ ഭാരത് മാതാ വിളിക്കാന് വിസമ്മതിക്കുന്ന ആയിരമല്ല, ലക്ഷകണക്കിന് ആളുകളുടെ തല ഇതിനോടകം വെട്ടിയേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിയാനയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച സദ്ഭാവന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് മാതാ കി ജയ് വിളിക്കാത്തവരോട് പറയാനുള്ളത് ഇതാണ്, രാജ്യത്ത് ഭരണഘടനയുണ്ട്, നിയമവ്യവസ്ഥയുണ്ട്. ഞങ്ങള്‍ നിയമത്തെ ബഹുമാനിക്കുന്നു. അല്ലായിരുന്നുവെങ്കില്‍ ഭാരത് മാതാ കി ജയ് വിളിക്കാന്‍ വിസമമ്മതിക്കുന്നവരുടെ തല തങ്ങള്‍ വെട്ടിയെടുക്കുമായിരുന്നുവെന്നും രാംദേവ് പറഞ്ഞു.

ഭാരത് മാതാ കി ജയ് വിളിക്കരുതെന്ന് ചൂണ്ടിക്കാണിച്ച് മുസ്‌ലിം സംഘടനയായ ധാറുല്‍ ഉലൂം ഫത്വ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അന്ന് ബാബാ രാംദേവ് പ്രസ്താവനയുമായി രംഗത്തു വന്നത്. കഴുത്തില്‍ കത്തി വെച്ചാലും ഭാരത് മാതാ കീ ജയ് വിളിക്കില്ലെന്ന് മജ്‌ലിസുല്‍ ഇത്തിഹാദുല്‍ മുസ്ലിമൂന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ പ്രസ്തവനയോടെയാണ് വിഷയം വിവാദമായിതുടങ്ങിയത്. ഉവൈസിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപിയും സംഘ്പരിവാര്‍ സംഘടനകളും രംഗത്തു വന്നിരുന്നു. ഇതിനോട് പ്രതികരിച്ചാണ് ജാട്ട് കലാപത്തിന്റെ കൂടി പശ്ചാത്തലത്തില്‍ രാംദേവ് അഭിപ്രായ പ്രകടനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top