‘അധികാരത്തിന്റെ മധുരം കിട്ടിയാൽ വിളിച്ചു കൂവേണ്ടതല്ല ആവിഷ്കാര സ്വാതന്ത്ര്യം’, കമലിനെതിരെ ‘ടിപി 51’ ന്റെ സംവിധായകന്‍

കോഴിക്കോട്: സംവിധായകന്‍ കമലിനെതിരെ ആഞ്ഞടിച്ച് ടിപി 51 എന്ന ചിത്രത്തിന്റെ സംവിധായകന്‍ മൊയ്തു താഴത്ത്. താന്‍ സംവിധാനം ചെയ്ത ടിപി. 51 എന്ന റിലീസ് ചെയ്യാന്‍ തയ്യാറായ തിയറ്ററുകളെ ഭീഷണിപ്പെടുത്തി പിന്മാറ്റുകയും താന്‍ തെരുവിലേക്കു വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തപ്പോള്‍ എവിടെയായിരുന്നു ഇപ്പോള്‍ ആവിഷ്‌ക്കാര സ്വാതന്ത്യം പ്രസംഗിക്കുന്ന കമല്‍ എന്നാണു മൊയ്തു ചോദിക്കുന്നത്. 34 സ്വകാര്യ തിയറ്ററുകള്‍ സിപിഎം ഭീഷണിയെത്തുടര്‍ന്നു സിനിമ പ്രദര്‍ശിപ്പിക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നാണ് മൊയ്തുവിന്റെ ആരോപണം.

ആവിഷ്‌കാര സ്വാതന്ത്യത്തിനേറ്റ വിലക്കിന്റെ പേരില്‍ സംവിധായകന്‍ കമല്‍ ഇന്ന് പ്രതിഷേധ ജ്വാല ഉയര്‍ത്തുന്നതായി കണ്ടു. ഒന്ന് പൊട്ടിക്കരയാനും ആര്‍ത്തു ചിരിക്കാനും തോന്നിയെനിക്ക്. കാരണം ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ചതഞ്ഞരഞ്ഞു പോയൊരു സംവിധായകനാണ് ഞാന്‍. 51 വെട്ടുകൾ കൊണ്ട് കീറിമുറിച്ച TP ചന്ദ്രശേഖരനെ കുറിച്ച്, സിനിമ എടുത്തതിന്റെ പേരിൽ എന്നെ വേട്ടയാടിയ ഫാസിസ്റ്റുകൾ ഷൂട്ടിങ്ങ് തടസ്സപ്പെടുത്തിയും വധഭീഷണി മുഴക്കിയും ഇവർ ആഘോഷിച്ച ആവിഷ്കാരത്തിന്റെ നാളുകൾ, മിസ്റ്റർ കമൽ കേരളത്തിലെ സെൻസർ ബോർഡ്‌ എന്റെ സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് തന്നില്ല ഒടുവിൽ ഞങ്ങൾ ഡൽഹിയിൽ നിന്ന് പൊരുതി സർട്ടിഫിക്കറ്റ് നേടിയെടുത്തു,കേരളത്തിൽ 59 തിയേറ്ററുകൾ ഞങ്ങൾക്ക് അനുവദിക്കപ്പെട്ടു, പക്ഷെ ഫാസിസ്റ്റുകൾ ഉറങ്ങാതെ നിന്നു,അവർ ഹിറ്റ്ലറെ പോലെ, മുസ്സോളനിയെ പോലെ, തിയേറ്ററുകളെ ഭീഷണിപ്പെടുത്തി. വെള്ളിയാഴ്ച റിലീസ് ആകേണ്ട സിനിമ അപ്രഖ്യാപിത വിലക്കുകളാൽ തിയേറ്ററുകളിൽ നിന്നു നീക്കം ചെയ്യപ്പെട്ടു.

ഒരുപാട് സുഹൃത്തുക്കളിൽ നിന്നു പ്രതീക്ഷയോടെ കടം മേടിച്ചെടുത്ത സിനിമ അനാഥമായപ്പോൾ, ലക്ഷങ്ങളുടെ ബാധ്യതയാൽ ഞങ്ങൾ തെരുവിൽ വലിച്ചെറിയപ്പെട്ടു, മാധ്യമവാർത്തകളിൽ ഈ സിനിമ വിവാദമായിട്ടും കമൽ, താങ്കൾ ഒരു ആമയെ പോലെ കിടന്നുറങ്ങുകയായിരുന്നു എവിടെയായിരുന്നു താങ്കളുടെ ചുകപ്പൻ ആവിഷ്കാരസ്വാതന്ത്ര്യം, രോഹിത് വെമുലയുടെ ഡോക്യൂമെന്ററി പോലെ ഞങ്ങൾ പോരാടിയതും കറുത്ത ഫാസിസത്തിനെതിരായിരുന്നു, കോഴിക്കോട് ജില്ലയിലും വടകരയിലും 50 ദിവസം ഈ സിനിമ നിറഞ്ഞാടിയിട്ടും ഷക്കീലയുടെ സിനിമ കോടികൾക്കു മേടിക്കുന്ന കേരളത്തിലെ നട്ടെല്ലില്ലാത്ത ചാനലുകൾ ഞങ്ങൾക്ക് സാറ്റലൈറ്റ് റേറ്റ് പോലും തന്നില്ല, ഈ തമ്പുരാക്കന്മാർ പറഞ്ഞത് ഞങ്ങൾക്ക് ഭീഷണി ഉണ്ട് എന്നുള്ളതാണ്, മിസ്റ്റർ കമൽ അധികാരം കിട്ടുമ്പോൾ ഉറഞ്ഞു തുള്ളേണ്ടതല്ല ആവിഷ്കാര സ്വാതന്ത്ര്യം അധികാരത്തിന്റെ മധുരം കിട്ടിയാൽ വിളിച്ചു കൂവേണ്ടതുമല്ല ആവിഷ്കാര സ്വാതന്ത്ര്യം, സഫ്ദർ ഹാഷ്മി പറഞ്ഞത് പോലെ കലാകാരന്റെ ആശയത്തിന് വിലങ്ങു വീഴ്ത്തുന്നവർ ഒരു യുഗത്തിന്റെ ശത്രുക്കൾ ആണ് കാലത്തിന്റെ ശത്രുക്കൾ ആണ്, കമലിനോട് എനിക്ക് സഹതാപമേ ഉള്ളൂ കാരണം ഇത് അധികാരത്തിന്റെയും ഫാസിസത്തിന്റെയും കെട്ട കാലമാണെന്ന് സംവിധായകന്‍ മൊയ്തു താഴത്ത് ഫെയ്സ്ബുക്കിലെഴുതി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top