ബാധയൊഴിപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടേയും സാമൂഹ്യ നീതിവകുപ്പ് മന്ത്രിയുടേയും വീഡിയോ പുറത്ത്; സംഭവം വിവാദത്തില്‍ (വീഡിയോ)

വീഡിയോ ദൃശ്യം

അഹമ്മദാബാദ്: ബാധയൊഴിപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുത്ത ഗുജറാത്ത് മന്ത്രിമാരുടെ നടപടി വന്‍ വിവാദത്തില്‍. രണ്ട് ഗുജറാത്ത് മന്ത്രിമാരാണ് ബാധയൊഴിപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുത്തത്. ശനിയാഴ്ച്ച നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായതിനേത്തുടര്‍ന്നാണ് വിവാദം കത്തിപ്പടര്‍ന്നത്. അന്ധവിശ്വാസത്തിന് കുടപിടിക്കുകയാണ് മന്ത്രിമാര്‍ എന്നായിരുന്നു വിമര്‍ശങ്ങള്‍.

ബൊട്ടാട് ജില്ലയിലാണ് ബാധയൊഴിപ്പിക്കല്‍ നടന്നത്. പ്രാദേശിക ബിജെപി യൂണിറ്റിന്റെ ക്ഷണപ്രകാരമാണ് മന്ത്രിമാര്‍ അവിടെ എത്തിച്ചേര്‍ന്നത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഭുപേന്ദ്ര സിംഗ് ചുഡാസമയും സാമൂഹ്യ നീതിവകുപ്പ് മന്ത്രി ആത്മറാം പര്‍മറുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ആത്മറാം പര്‍മര്‍ സ്ഥലം എംഎല്‍എകൂടിയാണ്.

ബാധയൊഴിപ്പിക്കല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന ആളുകള്‍ സ്വന്തം പുറത്ത് ചങ്ങലകൊണ്ട് അടിക്കുന്നത് വ്യക്തമായി വീഡിയോയില്‍ കാണാന്‍ സാധിക്കും. എന്നാല്‍ സംഭവം വന്‍ വിവാദമായതിനേത്തുടര്‍ന്ന് അത് ബാധയൊഴിപ്പിക്കല്‍ ചടങ്ങല്ല, അദൃശ്യ ശക്തികളെ ആരാധിക്കുന്ന ചടങ്ങിലാണ് പങ്കെടുത്തതെന്ന വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തിയിട്ടുണ്ട്.

ചില തട്ടിപ്പുകാരുടെ ബാധയൊഴിപ്പിക്കല്‍ ചടങ്ങുകള്‍ക്ക് മുമ്പ് നടക്കുന്ന റിഹേഴ്‌സലുകള്‍ കുറച്ചുനാളുകള്‍ക്കുമുമ്പ് വാര്‍ത്തയായിരുന്നു. ഇത്തരം ചടങ്ങുകളുടെ വീഡിയോ ദൃശ്യങ്ങള്‍ വിഷാദം ബാധിക്കുന്ന സമയങ്ങളില്‍ ചിരിക്കാനായി മാത്രം മലയാളികള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ ചിലരെങ്കിലും ഇവ സഗൗരവം വീക്ഷിക്കുകയും തട്ടിപ്പിന് ഇരയാവുകയും ചെയ്യുന്നുണ്ടെന്നുള്ളതും ചിന്തനീയമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top