ഇന്ത്യയ്ക്കും പാകിസ്താനും എസ്‌സിഒയില്‍ സമ്പൂര്‍ണ അംഗത്വം

അസ്താന: അയല്‍രാജ്യങ്ങളായ ഇന്ത്യയ്ക്കും പാകിസ്താനും ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ (എസ്‌സിഒ) സമ്പൂര്‍ണ അംഗത്വം ലഭിച്ചു. നാറ്റോയ്ക്ക് ബദലായി ചൈനയുടെ നേതൃത്വത്തില്‍ രൂപം കൊണ്ടിരിക്കുന്ന സുരക്ഷാ ഗ്രൂപ്പാണ് എസ്‌സിഒ.

രണ്ട് വര്‍ഷം നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയ്ക്കും പാകിസ്താനും അംഗത്വം ലഭിച്ചിരിക്കുന്നത്. റഷ്യയുടെ പൂര്‍ണ പിന്തുണയോടെയാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചത്. പാകിസ്താന്റെ അംഗത്വത്തിന് ചൈന പിന്തുണ നല്‍കി. വിപുലീകരണത്തോടെ ലോകത്തെ 40 ശതമാനം മനുഷ്യരേയു 20 ശതമാനം ആഗോള ജിഡിപിയേയും എസ്‌സിഒ പ്രതിനിധീകരിക്കും.

“ഇന്ത്യയും പാകിസ്താനും ഇപ്പോള്‍ എസ്‌സിഒയിലെ പുതിയ അംഗങ്ങളായിരിക്കുകയാണ്. ഇത് ഞങ്ങളെ സംബന്ധിച്ച് വളരെ സുപ്രധാനമായ നിമിഷമാണ്”. എസ്‌സിഒയുടെ നിലവിലെ അധ്യക്ഷന്‍ കൂടിയായ കസാഖിസ്ഥാന്‍ പ്രസിഡന്റ് നുര്‍സുല്‍ത്താന്‍ നസര്‍ബയേവ് അഭിപ്രായപ്പെട്ടു. അസ്താനയില്‍ നടന്ന എസ്‌സിഒ സമ്മിറ്റില്‍ നസര്‍ബയേവാണ് ഇന്ത്യയുടേയും പാകിസ്താന്റെയും അംഗത്വം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

അംഗത്വം ലഭിച്ചതോടെ തങ്ങളുടെ മേഖലയില്‍ ഭീകരവാദം, സുരക്ഷ, പ്രതിരോധ വിഷയങ്ങളില്‍ ശക്തമായ നിലപാടുകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ സാധിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

2001 ല്‍ ഷാങ്ഹായില്‍ റഷ്യ, ചൈന, കിര്‍ഗിസ് റിപ്പബ്ലിക് കസാഖിസ്താന്‍, താജിക്കിസ്താന്‍ ഉസ്‌ബെക്കിസ്താന്‍ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ പങ്കെടുത്ത സമ്മിറ്റിലാണ് എസ്‌സിഒ രൂപീകൃമായത്. 2005 ലെ അസ്താന ഉച്ചകോടിക്ക് ശേഷം ഇന്ത്യയ്ക്കും പാകിസ്താനും നിരീക്ഷക പദവിയാണ് ഉണ്ടായിരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top